യുപിയിലെ ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 53,942 ഉച്ചഭാഷിണികൾ

0
92

ഉത്തർപ്രദേശിലെ വിവിധ ആരാധനാലയങ്ങളിൽ നിന്ന് നീക്കം ചെയ്തത് 53,942 ഉച്ചഭാഷിണികളെന്ന് പൊലീസ്. 60,295 ഉച്ചഭാഷിണികളുടെ ശബ്ദം കുറച്ചു എന്നും എഡിജിപി പ്രശാന്ത് കുമാർ അറിയിച്ചു.
ഈ മാസം 24നാണ് അനധികൃതമായ ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്ന് യുപി സർക്കാർ ഉത്തരവിട്ടത്. ആരാധനാലയങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ഉച്ചഭാഷിണികളിൽ നിന്നുള്ള ശബ്ദം പരിസരം വിട്ട് പുറത്തുപോകാൻ പാടില്ലെന്നാണ് ചട്ടം. ഇത് പാലിക്കാത്ത ഉച്ചഭാഷിണികളാണ് നീക്കം ചെയ്യുന്നത്.
അനധികൃതമായി ഉച്ചഭാഷിണികൾ സ്ഥാപിച്ചിരിക്കുന്ന ആരാധനാലയങ്ങളുടെ കണക്ക് ഏപ്രിൽ 30നകം ആഭ്യന്തര വകുപ്പിനെ അറിയിക്കണമെന്ന് സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകൾക്കും നിർദേശം നൽകിയിരുന്നു. ഓരോ ജില്ലകളിലെയും ഡിവിഷണൽ കമ്മിഷണർമാരെയാണ് ആരാധനാലയങ്ങളുടെ കണക്ക് അറിയിക്കേണ്ടത്.
സർക്കാരിന്റെ അനുവാദം വാങ്ങാതെ ആരാധനാലയങ്ങളിൽ ഉച്ചഭാഷിണി സ്ഥാപിക്കരുതെന്നും നിർദേശിച്ചിരിക്കുന്ന പരിധിക്കപ്പുറമുള്ള ശബ്ദം പുറത്തുവന്നാൽ കർശന നടപടിയെടുക്കുമെന്നും യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഉച്ചഭാഷിണി സ്ഥാപിച്ചിട്ടുള്ള ആരാധനാലയങ്ങളുടെ കണക്ക് സർക്കാർ ആവശ്യപ്പെട്ടു. ഉച്ചഭാഷിണികൾക്കായി പുതിയ പെർമിറ്റ് അനുവദിക്കില്ലെന്നും യോഗി വ്യക്തമാക്കിയിരുന്നു.