ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളിൽ ഒന്നാമത് ഇന്ത്യ; മ്യാൻമാർ രണ്ടാംസ്ഥാനത്ത്

0
56

ഇടക്കിടെ ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. ആക്‌സസ് നൗവും കീപ് ഇറ്റ് ഓണും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇത് തുടര്‍ച്ചയായി നാലാം തവണയാണ് ഇന്‍റര്‍നെറ്റ് സേവനം മുടങ്ങുന്ന കാര്യത്തിൽ ഇന്ത്യ മുന്നില്‍ എത്തുന്നത്. 2021ല്‍ ഇന്ത്യയില്‍ വിവിധ ഇടങ്ങളിലായി 106 ഇന്റർനെറ്റ്ഷട്ട്‌ഡൗൺ നടപ്പാക്കി എന്നാണ് റിപ്പോര്‍ട്ടിൽ സൂചിപ്പിക്കുന്നത്. ഇന്‍റര്‍‍നെറ്റ് വിച്ഛേദിക്കലില്‍ അയല്‍രാജ്യമായ മ്യാൻമാറാണ് രണ്ടാം സ്ഥാനത്ത്. 15 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണ് 2021ൽ ഇവര്‍ നടത്തിയത്. തുടർന്ന് വരുന്നത് സുഡാനും ഇറാനുമാണ്. ഇരു രാജ്യങ്ങളും അഞ്ച് തവണ ഇന്‍റര്‍നെറ്റ് ഷട്ട്ഡൗൺ ഏർപ്പെടുത്തി.

“ഇന്ത്യയില്‍ 2021ൽ 106 ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകളാണുണ്ടായത്. ആഗോളതലത്തിൽ തുടർച്ചയായ നാലാം വർഷവും ഏറ്റവും കൂടുതൽ ഇന്‍റര്‍നെറ്റ് വിച്ഛേദിക്കലുകള്‍ നടന്ന രാജ്യമായി ഇന്ത്യ മാറി. ജമ്മു കാശ്മീരിലാണ് ഇതിൽ 85 എണ്ണവും.” – റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പല കാരണങ്ങൾ കൊണ്ടും ഇന്‍റര്‍നെറ്റ് വിച്ഛേദിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം വര്‍ഷങ്ങള്‍ കഴിയുംതോറും കൂടുകയാണ്.

ഇന്ത്യയിലെ കേന്ദ്ര, സംസ്ഥാന, ജില്ലാതല അധികൃതരുടെ നിർദേശപ്രകാരമുണ്ടായ ഇന്റർനെറ്റ് ഷട്ട്ഡൗൺ 1,157 മണിക്കൂർ നീണ്ടുനിന്നിട്ടുണ്ടെന്നാണ് ഇന്റർനെറ്റ് സ്ഥാപനമായ ടോപ്പ് 10 വിപിഎന്‍ വെളിപ്പെടുത്തുന്നത്. 583 മില്യൺ ഡോളറിന്റെ നഷ്ടമാണ് 2021ൽ മാത്രം ഇതുണ്ടാക്കിയത്. 59.1 ദശലക്ഷം ആളുകളെ ഇത് ബാധിച്ചിട്ടുണ്ട്.