CBI 5 Review; തിരകഥാകൃത്തും സംവിധായകനും നായകനും യാതൊരു മാറ്റവുമില്ലാതെ വരുന്ന പരമ്പര ചിത്രം; പ്രതീ​ക്ഷയോട് നീതിപുലർത്തുന്ന ചിത്രമൊരുക്കാൻ കെ. മധുവിനും എസ്.എൻ സ്വാമിക്കും സാധിച്ചിട്ടുണ്ട്

0
72

അസാമാന്യബുദ്ധിയും നിരീക്ഷണപാടവവും കൈമുതലായുള്ളവരെയാണ് നാം ബുദ്ധിരാക്ഷസൻ എന്ന് വിളിക്കാറ്. അത്തരമൊരു വിശേഷണത്തിന് മലയാളികൾ നൽകിയിരിക്കുന്ന രൂപമാണ് സേതുരാമയ്യർ എന്ന സിബിഐ ഉദ്യോ​ഗസ്ഥൻ. സി.ബി.ഐ എന്ന മൂന്നക്ഷരത്തെ അല്ലെങ്കിൽ സംവിധാനത്തെ മലയാളികൾ തിരിച്ചറിയുന്നതും മനസിലാക്കുന്നതും ഈ കഥാപാത്രത്തിന്റെ രൂപവും ഭാവവും വെച്ചായിരിക്കും. അങ്ങനെയൊരുദ്യോ​ഗസ്ഥൻ എന്തിന് വീണ്ടും ഒരു കേസന്വേഷണവുമായി കേരളത്തിലെത്തുന്നു എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് സി.ബി.ഐ 5 -ദ ബ്രെയിൻ.
തിരക്കഥാകൃത്തും സംവിധായകനും നായകനും യാതൊരു മാറ്റവുമില്ലാതെ വരുന്ന പരമ്പര ചിത്രം എന്നതായിരുന്നു സി.ബി.ഐ 5ന്റെ ഏറ്റവും വലിയ ഹൈപ്പ്. ആ പ്രതീ​ക്ഷയോട് നീതിപുലർത്തുന്ന ചിത്രമൊരുക്കാൻ കെ. മധുവിനും എസ്.എൻ സ്വാമിക്കും സാധിച്ചിട്ടുണ്ട് എന്ന് ആദ്യമേ തന്നെ പറയട്ടെ. ചിത്രം പ്രഖ്യാപിച്ച സമയംമുതൽ തന്നെ കേൾക്കുന്നതാണ് എന്തായിരിക്കും സേതുരാമയ്യർ അഞ്ചാം വരവിൽ അന്വേഷിക്കാൻ പോകുന്ന കേസെന്ന്. ഒരിടയ്ക്ക് പ്രമേയമായി കൂടത്തായി കേസ് വരെ പറഞ്ഞുകേട്ടിരുന്നു. അതിൽ നിന്നെല്ലാം വ്യത്യസ്തമായി ബാസ്കറ്റ് കില്ലിങ് എന്ന, മലയാള സിനിമ മുമ്പൊരിക്കലും പരീക്ഷിക്കാത്ത വിഷയമാണ് സി.ബി.ഐ 5 കൈകാര്യം ചെയ്തിരിക്കുന്നത്. ട്രെയിലറിൽ ഇങ്ങനെയൊരു വാക്ക് ഉൾപ്പെടുത്തിയത് വഴി സൃഷ്ടിക്കപ്പെട്ട ആകാംക്ഷ ഉടനീളം പുലർത്താൻ ചിത്രത്തിനായിട്ടുണ്ട്.
സി.ബി.ഐ സീരീസിൽ ഇതിന് മുൻപ് വന്ന ചിത്രങ്ങളിൽ അവലംബിച്ച അതേ കഥപറച്ചിൽ രീതി തന്നെയാണ് ഇവിടേയും. കണക്കുകൾ കൂട്ടിയും കിഴിച്ചും വെട്ടിത്തിരുത്തിയുമാണ് സേതുരാമയ്യരുടെ മുന്നേറ്റം. സേതുരാമയ്യർ എന്ന അതിബുദ്ധിമാനെപ്പോലും കുഴപ്പിച്ച ഒന്ന് എന്ന രീതിയിലാണ് ബാസ്കറ്റ് കില്ലിങ് കേസിനെ അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ അയ്യരുടെ കണ്ടെത്തലുകൾ എന്തായിരിക്കും എന്ന ആകാംക്ഷ ജനിപ്പിക്കാൻ ചിത്രത്തിനായിട്ടുണ്ട്. നായകന്റെ വിജയവും പരാജയവും നിരാശയും തങ്ങളുടേതുകൂടിയായി മാറുന്ന പ്രതീതി പ്രേക്ഷകനിലുണ്ടാക്കാൻ കഴിയുന്നു എന്നതിന്റെ കാരണം സി.ബി.ഐ സീരീസിന്റെ ആ ക്ലാസിക് പദവി തന്നെയാണ്.
വർഷമിത്രയായിട്ടും സേതുരാമയ്യർ എന്ന ഉദ്യോ​ഗസ്ഥന്റെ രൂപത്തിലോ ഭാവത്തിലോ നടപ്പിലോ യാതൊരുമാറ്റവും വരുത്താൻ അണിയറപ്രവർത്തകർ തുനിഞ്ഞിട്ടില്ല. ജനങ്ങളുടെ മനസിലെ അയ്യരുടെ രൂപം അതുപോലെ തന്നെ നിന്നോട്ടെ എന്ന ചിന്തയായിരിക്കാം അതിനുപിന്നിൽ. സേതുരാമയ്യരായി മമ്മൂട്ടി ഒരിക്കൽക്കൂടി കയ്യടി നേടുന്നു. പുതിയ ചില ടീം അം​ഗങ്ങൾ ഉണ്ടെങ്കിലും മുകേഷിന്റെ ചാക്കോ, ജ​ഗതി ശ്രീകുമാറിന്റെ വിക്രം എന്നീ കഥാപാത്രങ്ങളുടെ സാന്നിധ്യം തിയേറ്ററിൽ സൃഷ്ടിക്കുന്ന ഓളം ചില്ലറയല്ല. നീണ്ട ഇടവേളയ്ക്ക് ശേഷം ജ​ഗതിയെ വെള്ളിത്തിരയിൽ അവതരിപ്പിച്ചു എന്നതിൽ ടീം സി.ബി.ഐ 5 ന് അഭിമാനിക്കാം.
ഇതേ പരമ്പരയിലെ മുൻ ചിത്രങ്ങളെ അപേക്ഷിച്ച് കഥാപാത്രങ്ങൾ അല്പം കൂടുതലാണിവിടെ. സുദേവ് നായർ, പ്രതാപ് പോത്തൻ, സായ്കുമാർ, അനൂപ് മേനോൻ, സൗബിൻ ഷാഹിർ, രഞ്ജി പണിക്കർ, രമേഷ് പിഷാരടി, പ്രശാന്ത്, കോട്ടയം രമേഷ്, ജയകൃഷ്ണൻ, സന്തോഷ് കീഴാറ്റൂർ, ആശാ ശരത്, കനിഹ, അൻസിബ, മാളവിക തുടങ്ങി ഒരു നീണ്ട താരനിര തന്നെയാണ് ചിത്രത്തിൽ. അയ്യരുടെ ഐക്കണിക് പശ്ചാത്തലസം​ഗീതം തന്നെയാണ് സിനിമയ്ക്ക് ആകെ ഊർജം നൽകുന്നത്. പഴയ ആ സം​ഗീതത്തിന് കേടുതട്ടാതെ രം​ഗങ്ങളിൽ വിളക്കിച്ചേർക്കുന്നതിൽ ജേക്സ് ബിജോയ് വിജയിച്ചിട്ടുണ്ട്.
മലയാള സിനിമ ഇന്നേവരെ കണ്ട ഏറ്റവും മികച്ച കുറ്റാന്വേഷകന്റെ ചടുലനീക്കങ്ങൾ കാണാൻ ധൈര്യമായി ടിക്കറ്റെടുക്കാം സി.ബി.ഐ 5.