മലപ്പുറം: പാണമ്പ്രയിൽ യുവതികൾക്ക് നടുറോഡിൽ മർദനമേറ്റ സംഭവത്തിൽ പൊലീസ് വീഴ്ചകൾ ചൂണ്ടികാട്ടി യുവതികൾ പോലീസ് കംപ്ലയന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകും.പ്രതി സി.എച്ച് ഇബ്രാഹിം ഷബീറിന് ജാമ്യം ലഭിക്കാനായി പോലീസ് മനഃപൂർവം നടപടികൾ വൈകിപ്പിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കേസിന്റ തുടക്കം മുതൽ പോലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അത്രയും ശരിവെക്കുന്നതാണ് പ്രതി സി.എച്ച് ഇബ്രാഹിം ഷബീറിന് ലഭിച്ച് കൊണ്ടിരിക്കുന്ന ഓരോ ഇളവുകളും. പ്രതിക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി എന്നത് ഒഴിച്ച് നിർത്തിയാൽ മറ്റൊരു നടപടിയും പോലീസിന്റ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല.
ഏറ്റവും ഒടുവിൽ നടപടികൾ ബോധപൂർവ്വം വൈകിപ്പിച്ച് അറസ്റ്റ് ഒഴിവാക്കി പ്രതിയായ സി.എച്ച് ഇബ്രാഹിം ഷബീറിന് ഇടക്കാല ജാമ്യം ലഭിക്കാനായുള്ള സൗകര്യവും തേഞ്ഞിപ്പത്തെ പോലീസ് ഒരുക്കി കൊടുത്തു.ഇതോടെയാണ് പെൺകുട്ടികൾ പോലീസിനെതിരെ കടുത്ത ഭാഷയിൽ വിമർശനവുമായി രംഗത്ത് എത്തിയത്.പ്രതിക്ക് ഇടക്കാല ജാമ്യം ലഭിച്ച പശ്ചാത്തലത്തിൽ പോലീസിന്റെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി പെൺകുട്ടികൾ അടുത്ത ദിവസം പോലീസ് കംപ്ലയന്റ് അതോറിറ്റിക്കും മനുഷ്യാവകാശ കമ്മീഷനും, ജില്ലാ കലക്ടർക്കും പരാതി നൽകും. ഈ മാസം 16നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
മലപ്പുറം പാണമ്പ്രയിൽ അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്തതിന് സഹോദരികളെ ഇബ്രാഹം ഷബീർ ക്രൂരമായി മർദിച്ചുവെന്നതാണ് കേസ്. ദേശീയ പാതയിൽവെച്ച് ജനക്കൂട്ടത്തിനിടയിൽ യുവാവ് അഞ്ച് തവണയാണ് പെൺകുട്ടിയുടെ മുഖത്തടിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷെബീറിനെതിരെ തേഞ്ഞിപ്പാലം പൊലീസ് കേസെടുത്തു. പെൺകുട്ടികൾ കോഴിക്കോട് നിന്ന് പരപ്പനങ്ങാടിയിലേക്ക് പോകുമ്പോഴാണ് സംഭവമുണ്ടായത്. അമിത വേ?ഗതയിലെത്തിയ കാർ ഇടത് വശത്തുകൂടെ ഓവർടേക്ക് ചെയ്തതാണ് പെൺകുട്ടികൾ ചോദ്യം ചെയ്തത്. തുടർന്ന് ഇയാൾ പെൺകുട്ടികളെ തടഞ്ഞ് നിർത്തി മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ തൊട്ടടുത്ത് നിന്നയാളാണ് പകർത്തിയത്.