1000 കോടി കവിഞ്ഞ് ‘കെജിഎഫ് 2’; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ നാലാമത്

0
92

വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2(KGF 2) തിയറ്റുകളിൽ മുന്നേറുകയാണ്. പതിനാലാം തീയതി മുതൽ ഇന്ത്യൻ സിനിമാ ചരിത്രത്തിൽ മറ്റൊരു ചരിത്രം കുറിക്കുക ആയിരുന്നു യാഷ്. ഇപ്പോഴിതാ റിലീസ് ചെയ്ത് പതിനേഴ് ദിവസത്തിനുള്ളില്‍ 1000 കോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ് ചിത്രം.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രങ്ങളുടെ പട്ടികയില്‍ നാലാമത് എത്തിയിരിക്കുകയാണ് കെജി എഫ് 2 എന്ന് ട്രേഡ് അനലിസ്റ്റ് രമേശ് ബാല ട്വീറ്റ് ചെയ്യുന്നു. ആര്‍ആര്‍ആര്‍, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളാണ് കെജിഎഫിന് മുന്നിലുള്ളത്. രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ ആണ് കെജിഎഫി2ന് മുന്‍പ് ഈ വര്‍ഷം ബോക്സ് ഓഫീസില്‍ വന്‍ ഹൈപ്പ് സൃഷ്ടിച്ചത്. റിപ്പോർട്ടുകൾ പ്രകാരം 1115 കോടിയാണ് ഇതുവരെ ആർആർആർ നേടിയത്.

കന്നഡ സിനിമാ മേഖലയുടെ തലവര മാറ്റി വരച്ച ചിത്രം കൂടിയായിരുന്നു കെജിഎഫ്. ചിത്രത്തിലൂടെ കേരളത്തിലടക്കം നിരവധി ആരാധകരെ സ്വന്തമാക്കാന്‍ യാഷിന് ഇതിനോടകം സാധിച്ചു. അതേസമയം, വൻ സിനിമകളെയും പിന്നിലാക്കിയാണ് കെജിഎഫ് 2 മുന്നേറുന്നത്. കഴിഞ്ഞ ദിവസം ചിത്രം ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് യാഷ്
രം​ഗത്തെത്തിയിരുന്നു.

യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റര്‍ ഡ്രാമ ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിച്ചത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, അര്‍ച്ചന ജോയ്‍സ്, ടി എസ് നാഗഭരണ, ശരണ്‍, അവിനാശ്, സക്കി ലക്ഷ്‍മണ്‍, വസിഷ്ട സിംഹ, ഹരീഷ് റായ്, ദിനേശ് മാംഗളൂര്‍, തരക്, രാമചന്ദ്ര രാജു, വിനയ് ബിഡപ്പ, അശോക് ശര്‍മ്മ, മോഹന്‍ ജുനേജ, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കെജിഎഫ് ആദ്യഭാഗം 2018-ലാണ് റിലീസ് ചെയ്തത്.