സർക്കാർ ഉദ്യോ​ഗസ്ഥയുടെ മരണം: പോസ്റ്റ് മോർട്ടം റിപ്പോർട്ട് പുറത്ത്, ഭർത്താവ് കസ്റ്റഡിയിൽ

0
76

മാവേലിക്കര: കണ്ടിയൂരിൽ സർക്കാർ ഉദ്യോ​ഗസ്ഥയായ യുവതി ഭർതൃവീട്ടിൽ മരിച്ച സംഭവം തൂങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കണ്ടിയൂർ കടുവിനാൽ പറമ്പിൽ ജിജോയുടെ ഭാര്യ ബിൻസി (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു സംഭവം. യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ചലനമറ്റ നിലയിൽ വീടിനുള്ളിലെ കിടപ്പുമുറിയിൽ കിടക്കുകയായിരുന്ന ബിൻസിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചെന്നുമാണ് ഭർത്താവ് ആദ്യം നൽകിയ മൊഴി. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ തൂങ്ങി മരണമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതിനെ തുടർന്ന് ജിജോയെ പൊലീസ് ചോദ്യം ചെയ്തു. അപ്പോഴും ജിജോ തൂങ്ങിമരണമാണെന്ന് സമ്മതിക്കാൻ തയ്യാറായില്ല. വീട്ടുകാരെ ഉൾപ്പടെ ചോദ്യം ചെയ്തപ്പോൾ തൂങ്ങി മരണമാണെന്ന് ഇവർ സമ്മതിച്ചു.

ബിൻസിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകളും കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ബിൻസിയുമായി വഴക്കുണ്ടായിരുന്നതായും ശേഷം 7.45 ന് വീടിനോട് ചേർന്നുള്ള പലചരക്ക് കട തുറക്കാൻ പോയി 8.10 ഓടെ തിരികെ വീട്ടിലെത്തിയപ്പോൾ കിടപ്പുമുറിയിൽ ബിൻസിയെ ഷാളിൽ കെട്ടിതൂങ്ങിയ നിലയിൽ കണ്ടെന്നുമാണ് ജിജോ പൊലീസിന് നൽകിയിരിക്കുന്ന മൊഴി. ജിജോയെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ ബന്ധുക്കളുടെ പരാതിയെ തുടർന്ന് അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്. നാലു മാസം മുമ്പാണ് തിരുവല്ല വാട്ടർ അതോറിറ്റിയിൽ ബിൻസി ജോലിയിൽ പ്രവേശിച്ചത്. ഒന്നര വയസുള്ള പെൺകുഞ്ഞുണ്ട്.