വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കി

0
102

പൂഞ്ഞാര്‍ > വിദ്വേഷ പരാമര്‍ശം നടത്തിയ പി സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കി.

ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിലാണ് ഡിവൈഎഫ്‌ഐ പൂഞ്ഞാര്‍ ബ്ലോക്ക് കമ്മിറ്റി പരാതി നല്‍കിയത്.

മുന്‍ ജനപ്രതിനിധി കൂടിയായ പി സി ജോര്‍ജ് കഴിഞ്ഞ കുറേ നാളുകളായി നാടിനെ വര്‍ഗീയമായും ജാതീയമായും ധ്രുവീകരിക്കുന്നതിന് വേണ്ടിയുള്ള വിദ്വേഷ പ്രചരണങ്ങള്‍ നടത്തിവരികയാണ്. നമ്മുടെ നാട്ടിലെ മുസ്ലിം ജനവിഭാഗങ്ങളെയാകെ അധിക്ഷേപിക്കുകയും, അവരുടെ സ്വൈര്യ ജീവിതത്തെ അസ്വസ്ഥപ്പെടുത്തുകയും അവരെ ആക്രമിക്കാന്‍ പ്രേരണ നല്‍കുകയും ചെയ്യുന്ന പരാമര്‍ശമാണ് ഇയാള്‍ നടത്തിയിരിക്കുന്നത്.

വര്‍ഗീയ കക്ഷികള്‍ക്ക് മുതലെടുപ്പിനും, നാടിന്റെ മതേതര സ്വഭാവത്തെ തകര്‍ക്കുന്നതിനും ഇത് ഇടയാക്കും. ഐപിസി 153A, ഐപിസി 268 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ഡിവൈഎഫ്‌ഐ പരാതിയില്‍ ആവശ്യപ്പെട്ടു.