ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

0
160

കൊച്ചി: ആത്മഹത്യ ചെയ്ത ഹോക്കി താരം ശ്യാമിലിയുടെ മരണത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. യുവതിയുടെ മരണം ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്.

ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാകാതെ സ്വന്തം വീട്ടില്‍ വന്ന് നില്‍ക്കുകയായിരുന്നു യുവതി. ഭര്‍ത്താവില്‍ നിന്നും വീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂര പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ശ്യാമിലിയുടെ സഹോദരി പറയുന്നത്. മനോരമയോടായിരുന്നു ഇവരുടെ വെളിപ്പെടുത്തല്‍.

കഴിഞ്ഞ 25ന് വൈകുന്നേരത്തോടെയാണ് ഹോക്കി താരം പോണേക്കരയില്‍ പീലിയാട്ട് റോഡ് കടയപ്പറമ്ബില്‍ ശ്യാമിലി(26)യെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വരുന്ന നാലാം തീയതി കേരള ഒളിംപിക് ഗെയിംസില്‍ കേരളത്തെ പ്രതിനിധീകരിച്ചു കളത്തില്‍ ഇറങ്ങാനിരിക്കെയാണ് താരത്തിന്റെ ആത്മഹത്യ. ഒന്‍പതു മാസമായി യുവതിയുടെ ഭര്‍ത്താവ് തിരുവല്ല സ്വദേശി ആശിഷ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും മാനസിക പീഡനത്തെ തുടര്‍ന്നു വീട്ടില്‍ വന്നുനില്‍ക്കുകയായിരുന്നു യുവതി.

നാലു വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു എന്നതിനാല്‍ ആ സമയത്ത് സ്ത്രീധനം ആവശ്യപ്പെടുകയോ നല്‍കുകയോ ചെയ്തിരുന്നില്ല. പിന്നീട് ഭര്‍തൃ വീട്ടിലെ സാമ്ബത്തിക പ്രശ്നം തീര്‍ക്കാന്‍ സ്ത്രീധനം നല്‍കണമെന്നായിരുന്നു ആവശ്യം. സ്ത്രീധനം വാങ്ങിവരാന്‍ ആവശ്യപ്പെട്ട് ഒരു തവണ പാസ്ബുക്ക് കൊടുത്തു വിട്ടതായും സഹോദരി ആരോപിക്കുന്നു. ഗള്‍ഫില്‍ ആയിരുന്ന സമയത്ത്, തിരിച്ചുവരികയാണെന്നും സ്ത്രീധനത്തിന്റെ കാര്യം ശരിയാക്കണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നത്രെ.

ശ്യാമിലിക്ക് ഭക്ഷണം നല്‍കാതെ പീഡിപ്പിക്കുന്നതും ശാരീരികമായി മര്‍ദ്ദിക്കുന്നതും പതിവായിരുന്നുവെന്ന് സഹോദരി വെളിപ്പെടുത്തി. എല്ലാ കാര്യത്തിലും വളരെ ബോള്‍ഡായി നിന്നു സംസാരിക്കുന്ന ആളായിരുന്നു ചേച്ചി. കുറെ മാസങ്ങള്‍ പുറത്തിറങ്ങാതെ മാനസികമായി തളര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നീട് അടുത്തൊരു ജിമ്മില്‍ ജോലി കിട്ടിയതിനെ തുടര്‍ന്ന് അവിടെ പോകുന്നുണ്ടായിരുന്നു. ജിമ്മില്‍ ചെല്ലുമ്ബോള്‍ മുതല്‍ വിഡിയോ കോളില്‍ ചെല്ലണമായിരുന്നു. വിളിക്കുമ്ബോള്‍ അസഭ്യം പറയുന്നതും പതിവായി. ഇതോടെ വിവാഹത്തില്‍നിന്നു പിന്‍മാറാന്‍ ആലോചിച്ചെങ്കിലും ആശിഷ് തയാറായില്ല.ഇതിനിടെ സഹോദരിയ്ക്കു ലഹരി നല്‍കുകയും ഈ സമയം കൂട്ടുകാര്‍ക്കൊപ്പം പോകുന്നതിനു നിര്‍ബന്ധിക്കുകയും ചെയ്യുമായിരുന്നു. പോകാത്തതിന് വിളിച്ചു ഭീഷണിപ്പെടുത്തുകയും മോശം ഭാഷയില്‍ സംസാരിക്കുകയും ചെയ്തു.

ആശിഷ് ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് മൂന്നാം മാസം ഗര്‍ഭം അലസുന്ന സാഹചര്യമുണ്ടായി. അന്നു രാത്രി തന്നെ ആശുപത്രിയില്‍നിന്നു വന്ന് സ്കൂട്ടറില്‍ തിരുവല്ല വരെ യാത്ര ചെയ്യിച്ചു,. വീട്ടിലെത്തിയപ്പോള്‍ പണി ചെയ്യിച്ചു. ക്രൂരമായ പെരുമാറ്റമാണ് ബന്ധുക്കളില്‍നിന്നും ഭര്‍ത്താവില്‍നിന്നും ഉണ്ടായിട്ടുള്ളത്. ആശിഷിന്റെ സുഹൃത്തുക്കള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചതായും പോയില്ലെങ്കില്‍ മര്‍ദിക്കുമെന്നു ഭീഷണിപ്പെടുത്തിയതായും ശ്യാമിലി മറ്റൊരാളോടു പറയുന്ന ഓഡിയോ ലഭിച്ചിട്ടുണ്ട്. ഇത് പൊലീസിനു കൈമാറുമെന്നും ശ്യാമിലിയുടെ സഹോദരി പറയുന്നു.

അതേസമയം, സാധാരണ ഭാര്യാ-ഭര്‍തൃ ബന്ധത്തിനിടയിലുള്ള പ്രശ്നം മാത്രമാണ് രണ്ടുപേര്‍ക്കും ഇടയില്‍ ഉണ്ടായിരുന്നതെന്ന് ശ്യാമിലിയുടെ ഭര്‍ത്താവ് ആശിഷ് പ്രതികരിച്ചു. ഗര്‍ഭിണിയായിരിക്കെ വേണ്ട കരുതലുകള്‍ നല്‍കിയിട്ടുണ്ട്. അറിയാത്ത എന്തോ കാരണം ശ്യാമിലിയുടെ മരണത്തിനു പിന്നിലുണ്ടെന്നാണ് കരുതുന്നത്. താന്‍ ജോലി നിര്‍ത്തി നാട്ടിലേയ്ക്കു പോരുന്നത് ഭയപ്പെടുന്നതു പോലെയാണ് തോന്നിയിട്ടുള്ളത്. തന്നില്‍നിന്ന് എന്തോ കാര്യം മറയ്ക്കാനുണ്ടെന്നാണ് കരുതുന്നത്. വിശദവിവരം അറിയാന്‍ ശ്യാമിലിയുടെ ഫോണ്‍ പരിശോധിക്കണം. അത് നിലവില്‍ കണ്ടെത്താനായിട്ടില്ല. ഭാര്യയുടെ മരണത്തെക്കുറിച്ച്‌ അന്വേഷിക്കാനാവശ്യപ്പെട്ടു പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്താവായ തനിക്കാണ് നഷ്ടമുണ്ടായിട്ടുള്ളതെന്നും ആശിഷ് പറയുന്നു.