Saturday
10 January 2026
20.8 C
Kerala
HomeKeralaപരാതി നല്‍കിയതിന്റെ പക, ഭാര്യയെ വീട്ടില്‍ കണ്ടില്ല; ഗുണ്ടകളുമായെത്തി വീട് അടിച്ചുതകര്‍ത്തു

പരാതി നല്‍കിയതിന്റെ പക, ഭാര്യയെ വീട്ടില്‍ കണ്ടില്ല; ഗുണ്ടകളുമായെത്തി വീട് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം: ചന്തവിളയില്‍ ഗുണ്ടകളുമായെത്തി യുവാവ് ഭാര്യയുടെ വീടും ബന്ധുവീടും അടിച്ചു തകര്‍ത്തു. മോഷണമടക്കം നിരവധി കേസുകളില്‍ പ്രതിയായ റഹീസ് ഖാന്‍ ആണ് ഭാര്യ നൗഫിയയുടെ ചന്തവിളയിലുള്ള വീട് അടിച്ചുതകര്‍ത്തത്. ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം.
രണ്ടുദിവസം മുമ്പുണ്ടായ അടിപിടിയുമായി ബന്ധപ്പെട്ട് ഭാര്യാപിതാവ് റഹീസിനെതിരേ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതാണ് ആക്രമണത്തിന് കാരണം. സ്ഥിരമായി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നമുണ്ടാക്കുന്ന ഇയാള്‍ കഴിഞ്ഞ ദിവസം വാളുമായെത്തി ഭാര്യയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.റഹീസിനെ ഭയന്ന് ഭാര്യ നൗഫിയ പിതാവിനൊപ്പം മറ്റൊരു സ്ഥലത്തേക്ക് താമസംമാറിയിരുന്നു.
കഴിഞ്ഞദിവസം ഭാര്യയുടെ വീട്ടില്‍ എത്തിയ ഇയാള്‍ ഭാര്യയെ കാണാത്തതിനെത്തുടര്‍ന്ന് വീട് അടിച്ചുതകര്‍ക്കുകയായിരുന്നു. മാരകായുധങ്ങളുമായി രണ്ട് ഗുണ്ടകള്‍ക്കൊപ്പമെത്തിയാണ് അക്രമം അഴിച്ചുവിട്ടത്. വീട്ടിലെ ജനലുകളും വാതിലും ടി.വി അടക്കമുള്ള വീട്ടുപകരണങ്ങളും ശൗചാലയവും പൂര്‍ണമായും നശിപ്പിച്ചു. തുടര്‍ന്ന് ഈ സംഘം കണിയാപുരം മുസ്ലിം സ്‌കൂളിന് സമീപം താമസിക്കുന്ന നൗഫിയയുടെ ബന്ധുവായ സക്കീറിന്റെ വീടും വാഹനവും അടിച്ചുതകര്‍ത്തു. സംഭവത്തിന് ശേഷം റഹീസ് ഖാന്‍ അടക്കമുള്ള പ്രതികള്‍ ഒളിവില്‍പോയിരിക്കുകയാണ്. ഇവരെ ഉടന്‍ പിടികൂടുമെന്ന് പോത്തന്‍കോട് പോലീസ് പറഞ്ഞു.

RELATED ARTICLES

Most Popular

Recent Comments