പീഡന പരാതി ; വിജയ് ബാബുവിനെതിരെ നടപടിയ്‌ക്കൊരുങ്ങി ‘അമ്മ’ ; വിശദീകരണം തേടി

0
66

തിരുവനന്തപുരം : ബലാത്സംഗ പരാതിയിൽ നടൻ വിജയ് ബാബുവിനെ നടപടിക്കൊരുങ്ങി താരസംഘടന ‘അമ്മ’.വിജയ് ബാബുവിൽ നിന്ന് ‘അമ്മ’ വിശദീകരണം തേടി. നടപടികൾ ചർച്ച ചെയ്യാൻ ‘അമ്മ’ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം നാളെ ചേർന്നേക്കും. അടച്ചടക്ക നടപടി സംബന്ധിച്ച് നിയമോപദേശവും തേടിയിട്ടുണ്ട്. ബലാത്സംഗ പരാതിയിൽ നടൻ വിജയ് ബാബുവിനെതിരെ നടപടി വേണമെന്ന് ശ്വേത മേനോൻ ചെയർപേഴ്‌സണായുള്ള ആഭ്യന്തര പരാതി പരിഹാര സമിതി ആവശ്യപ്പെട്ടിരുന്നു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം റദ്ദാക്കണമെന്നാണ് ആവശ്യം. തുടർന്നാണ് വിജയ് ബാബുവിനെതിരെ ശക്തമായ നടപടിക്ക് അമ്മ ഒരുങ്ങുന്നത്.

അമ്മ അവയ്‌ലബിൾ എക്‌സിക്യൂട്ടീവ് യോഗം ചേർന്ന് നടപടികൾ ചർച്ച ചെയ്യും.പുറത്താക്കൽ നടപടിയിലേക്ക് തന്നെയാണ് താരസംഘടനയായ അമ്മ നീങ്ങുന്നതെന്നാണ് സൂചന.വിജയ് ബാബു വിഷയത്തിൽ സംഘടനാ തല നടപടികളിൽ നിയമോപദേശവും തേടിയിട്ടുണ്ട്. എല്ലാ സിനിമാ സംഘടനകളിൽ നിന്നും വിജയ് ബാബുവിനെ പുറത്താക്കണമെന്ന് വിമൻ ഇൻ സിനിമാ കളക്ടീവ് ആവശ്യപ്പെട്ടിരുന്നു.

സിനിമാ മേഖലയിൽ നിന്ന് ആരും പ്രതികരിക്കാൻ തയ്യാറാകുന്നില്ലെന്നും ഡബ്ല്യു സി സി കുറ്റപ്പെടുത്തിയിരുന്നു. യുവതിയുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണമെന്നും ഡബ്ല്യു സി സി ഭാരവാഹികൾ ആവശ്യപ്പെട്ടിരുന്നു. നടനും, നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ അംഗമായ സിനിമാ സംഘടനകളൊന്നും ഇതുവരെ നടപടി എടുത്തിരുന്നില്ല. വിമർശനങ്ങൾ രൂക്ഷമായ പശ്ചാത്തലത്തിൽ കൂടിയാണ് അവയ്‌ലബിൽ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം വേഗത്തിൽ ചേർന്നത്.