പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിലെ പ്രതിസന്ധി തുടരുന്നു; ഇന്നും ക്യാമ്പ് ബഹിഷ്‌കരിച്ച് അദ്ധ്യാപകർ

0
69

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയത്തിലെ പ്രതിസന്ധി തുടരുന്നു . മൂല്യ നിർണ്ണയത്തിന്റെ അവസാന ദിവസമായ ഇന്നും അധ്യാപകർ ക്യാമ്പ് ബഹിഷ്‌കരിച്ചു. ബോധപൂർവ്വം പ്രശ്‌നം വഷളാക്കാൻ അധ്യാപകർ ശ്രമിക്കുന്നുവെന്നും ഉത്തര സൂചിക മാറ്റില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു.

വിദ്യാഭ്യാസവകുപ്പും അധ്യാപകരും ഉറച്ച നിലപാടിൽ തുടരുന്നതോടെ പ്ലസ് ടു കെമിസ്ട്രി മൂല്യനിർണയം പ്രതിസന്ധിയിലാണ്. കഴിഞ്ഞ രണ്ട് ദിവസമായി വിവിധ ജില്ലകളിലെ ക്യാമ്പുകൾ അധ്യാപകർ ബഹിഷ്‌കരിച്ചിരുന്നു. അധ്യാപകർ ക്യാമ്പിൽ എത്തിയില്ലെങ്കിൽ നടപടി ഉണ്ടാകുമെന്ന് കാണിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കിയിട്ടുണ്ട്. ഉത്തര സൂചികയിൽ അപാകതയില്ലെന്നും പുന:പരിശോധനയുടെ ആവശ്യമില്ലെന്നുമാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയുടെ പ്രതികരണം.

അധ്യാപകരും വിദഗ്ധരും ചേർന്ന് തയ്യാറാക്കുന്ന ഫൈനലൈസേഷൻ സ്‌കീമിനെ ആശ്രയിച്ചാണ് സാധാരണ ഹയർ സെക്കന്ററി മൂല്യനിർണയം നടത്താറുള്ളത്. അത് അവഗണിച്ച് കൊണ്ടുള്ള ഉത്തര സൂചികയാണ് അധ്യാപകർക്ക് ഇത്തവണ നൽകിയത്. ഇത് വിദ്യാർത്ഥികളുടെ ഭാവിക്ക് ഗുണകരമല്ലെന്ന് അധ്യാപകർ പറയുന്നു. ഒൻപത് ദിവസമായിരുന്നു കെമിസ്ട്രി മൂല്യനിർണയത്തിനായി നിശ്ചയിച്ചിരുന്നത്. അധ്യാപകരുടെ പ്രതിഷേധം നീണ്ടുപോവുന്നത് ഫലപ്രഖ്യാപനത്തെ ബാധിക്കും.