കെഎസ്‌ഇബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയുടെ വോട്ടെടുപ്പില്‍ സിഐടിയുവിന് ചരിത്ര വിജയം

0
60

കൊച്ചി> കെഎസ്‌ഇബിയിലെ തൊഴിലാളി സംഘടനകളുടെ ഹിതപരിശോധനയുടെ വോട്ടെടുപ്പില്‍ സിഐടിയുവിന് ചരിത്ര വിജയം. കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോര്‍ഡ് വര്‍ക്കേഴ്സ് അസോസിയേഷന്‍ (സിഐടിയു) 13, 634 വോട്ടുകളോടെ (53.42 ശതമാനം) ഒന്നാമതെത്തി. ഇതോടെ അംഗീകാരമുള്ള ഏക യൂണിയനായി സിഐടിയു മാറി.

ഏഴ് യൂണിയനുകളാണ് ഹിതപരിശോധനയില്‍ മത്സരിച്ചത്. കഴിഞ്ഞ ഹിതപരിശോധനയില്‍ 47.52 ശതമാനം വോട്ടാണ് അസോസിയേഷന്‍ നേടിയത്. 108 വോട്ട് അസാധുവായി.

കേന്ദ്രത്തിന്റെ സ്വകാര്യവല്‍ക്കരണം ചെറുക്കുക, കെഎസ്‌ഇബിയെ പൊതുമേഖലയില്‍ നിലനിര്‍ത്തി ലോകോത്തര നിലവാരത്തിലാക്കുക, ഊര്‍ജ മേഖലയില്‍ കേരള ബദല്‍ ഉയര്‍ത്തിപ്പിടിക്കുക, തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക എന്നീ സുപ്രധാന സന്ദേശങ്ങള്‍ ഉയര്‍ത്തിയാണ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിനെ നേരിട്ടതെന്ന് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എസ് ഹരിലാല്‍ പറഞ്ഞു. യൂണിയന്‍ നേതൃത്വത്തില്‍ പാലാരിവട്ടം ചീഫ് എന്‍ജിനീയര്‍ ഓഫീസിനു മുന്നില്‍ ആഹ്ലാദപ്രകടനം നടത്തി.

കേരള ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്സ് ഫെഡറേഷന്‍ (എഐടിയുസി) 3810 വോട്ടും (14.93 ശതമാനം) യുണൈറ്റഡ് ഡെമോക്രാറ്റിക് ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫ്രണ്ട് 3796 വോട്ടും (14.87 ശതമാനം) കേരള വൈദ്യുതി മസ്ദൂര്‍ സംഘ് (ബിഎംഎസ്) 2096 വോട്ടും (8.21 ശതമാനം) കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി വര്‍ക്കേഴ്സ് യൂണിയന്‍ 1432 വോട്ടും (5.65 ശതമാനം) കേരള ഇലക്‌ട്രിസിറ്റി എക്സിക്യൂട്ടീവ് സ്റ്റാഫ് ഓര്‍ഗനൈസേഷന്‍ (കെഇഇഎസ്‌ഒ) 630 വോട്ടും (2.47 ശതമാനം) ഇലക്‌ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ 15 വോട്ടും (0.06 ശതമാനം) നേടി.
സംസ്ഥാനത്ത് 25, 522 തൊഴിലാളികളാണ് വോട്ട് രേഖപ്പെടുത്തിയത്. ആകെ 26, 246 തൊഴിലാളികളാണ് ഉള്ളത്. 97.24 ശതമാനമായിരുന്നു പോളിങ്.

അഡീഷണല്‍ ലേബര്‍ കമീഷണര്‍ (ഐആര്‍) കെ ശ്രീലാല്‍,അഡീഷണല്‍ ലേബര്‍ കമ്മീഷണര്‍ (വെല്‍ഫെയര്‍) രഞ്ജിത്ത് പി മനോഹര്‍, നോഡല്‍ ഓഫീസറായ എറണാകുളം റീജ്യണല്‍ ജോയിന്റ് ലേബര്‍ കമീഷണര്‍ ഡി സുരേഷ്കുമാര്‍, ജോയിന്റ് ലേബര്‍ കമ്മീഷണര്‍ (പ്ലാനിങ്) കെ എസ് ബിജു, ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍മാരായ മുഹമ്മദ് സിയാദ്, സിന്ധു എന്നിവര്‍ വോട്ടെണ്ണലിന് നേതൃത്വം നല്‍കി.