ഇന്ത്യൻ വിദ്യാർഥികൾക്ക് തിരികെ എത്താൻ സമ്മതം മൂളി ചൈന

0
96

ദില്ലി: ചൈനയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ചൈന ആരംഭിച്ചു. ചൈനീസ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠനം തുടരേണ്ട വിദ്യാർത്ഥികളുടെ പട്ടിക സമർപ്പിക്കാൻ ചൈന  ഇന്ത്യയോട് ആവശ്യപ്പെട്ടു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 20,000ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളാണ് 2020ൽ ചൈനയിൽ നിന്ന് തിരിച്ചെത്തിയത്.  ഇന്ത്യയെ ഹൈറിസ്ക് കാറ്റ​ഗറിയിൽ ഉൾപ്പെടുത്തിയതിനാൽ വിദ്യാർഥികളെ തിരികെ പ്രവേശിക്കാൻ ചൈന അനുവദിച്ചിരുന്നില്ല.
ഇന്ത്യൻ വിദ്യാർത്ഥികളെ മടങ്ങിപ്പോകാൻ അനുവദിക്കണമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ മാസം നടന്ന യോഗത്തിൽ ചൈനീസ് വിദേശകാര്യമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നു.  എന്നാൽ ചില വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ തയ്യാറാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വെള്ളിയാഴ്ച പറഞ്ഞു. ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം വലിയതാണെന്ന് ചൈനക്കറിയാം. വിവരങ്ങൾ ശേഖരിക്കാൻ ഇന്ത്യൻ അധികൃതർക്ക് കുറച്ച് സമയമെടുക്കും. മറ്റ് രാജ്യങ്ങളിലെ വിദ്യാർത്ഥികളുടെ മടങ്ങിവരവ് സംബന്ധിച്ച നടപടിക്രമങ്ങളും വിവരവും ഇന്ത്യയുമായി പങ്കിട്ടെന്നും ചൈന വ്യക്തമാക്കി.
ചൈനയിലേക്ക് വരേണ്ടവരുടെ ആവശ്യം മുൻനിർത്തിയാണ് അനുവാദം നൽകുക. എന്നാൽ അതിനുള്ള സമയക്രമം നിശ്ചയിച്ചിട്ടില്ല. ചൈനയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ മെയ് എട്ടിനകം ഇന്ത്യൻ മിഷന്റെ വെബ്‌സൈറ്റിൽ ഗൂഗിൾ ഫോം പൂരിപ്പിച്ച് ആവശ്യമായ വിവരങ്ങൾ നൽകണമെന്ന് ബീജിംഗിലെ ഇന്ത്യൻ എംബസി പത്രക്കുറിപ്പിൽ അറിയിച്ചു. പട്ടിക പരിശോധിച്ചുറപ്പിക്കുന്നതിന് ശേഷം തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് കോഴ്‌സ് പൂർത്തിയാക്കാൻ സാധിക്കുമോ എന്ന കാര്യം അറിയാനായി ബന്ധപ്പെട്ട വകുപ്പുകളെയും സർവകലാശാലകളെയും സമീപിക്കും.
വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് ചൈന പ്രത്യേകമായി എന്തെങ്കിലും മാനദണ്ഡം ഏർപ്പെ‌ടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.