കുരുക്ക് മുറുകുന്നു; പരാതിക്കാരിയോടൊപ്പം വിജയ് ബാബു ആഡംബര ഹോട്ടലില്‍: നിർണ്ണായക സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പോലീസ്

0
59

കൊച്ചി: നടൻ വിജയ് ബാബുവിനെതിരായ ബലാത്സംഗക്കേസിൽ നിർണായക തെളിവായ സിസിടിവി ദൃശ്യങ്ങൾ പോലീസ് കണ്ടെടുത്തു. നടൻ പരാതിക്കാരിയായ നടിയ്‌ക്കൊപ്പം ആഡംബര ഹോട്ടലിൽ എത്തിയ ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചത്. തുടർന്ന് ഹോട്ടലിലെ ജീവനക്കാരുട മൊഴി എടുത്തു. അതേസമയം, കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്.

മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിക്കാരി പറയുന്നത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ മൊഴിയിലുണ്ടായിരുന്നു. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി എത്തിയിരുന്നു പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ ആ സമയത്ത് വിജയ് ബാബുവും പരാതിക്കാരിയും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ ശരിവെയ്‌ക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പോലീസ് ശേഖരിച്ചിട്ടുണ്ട്.

നടനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു അറിയിച്ചു. പരാതിക്കാരിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനും ശ്രമിച്ചതായി വ്യക്തമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, വിജയ് ബാബുവിനായി ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരിക്കുകയാണ് പോലീസ്. വിജയ് ബാബു വിദേശത്താണെന്ന വിവരത്തെ തുടർന്നാണ് നോട്ടീസ് പുറത്തിറക്കിയത്. കോഴിക്കോട് സ്വദേശിയായ യുവനടിയുടെ പരാതിയിൽ തേവര പോലീസാണ് വിജയ് ബാബുവിനെതിരെ ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.