ഹിന്ദി അറിയാത്തവർ ഇന്ത്യക്കാരല്ല അവർ രാജ്യം വിട്ട് പോണം; യുപി മന്ത്രി സഞ്ജയ് നിഷാദ്

0
77

ന്യൂഡല്‍ഹി: ഹിന്ദി അടിച്ചേല്‍പ്പിക്കല്‍ചര്‍ച്ച രാജ്യത്ത് ഒരിക്കല്‍ക്കൂടി ചൂടുപിടിക്കുന്നു. ഹിന്ദി അറിയാത്തവരോ ഹിന്ദിയെ സ്‌നേഹിക്കാത്തവരോ വിദേശികളാണെന്നും അവര്‍ക്ക് വിദേശികളുമായി ബന്ധമുണ്ടെന്നും അവര്‍ ഇന്ത്യക്കാരല്ലെന്നും യുപി മന്ത്രി സഞ്ജയ് നിഷാദ്.

ഹിന്ദി അറിയാത്തവര്‍ രാജ്യം വിടണമെന്നും എവിടെയങ്കിലും പോയി ജീവിക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

ഭാഷാവിവാദത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുന്നതിനിടയിലാണ് മന്ത്രിയുടെ വിദ്വേഷപരാമര്‍ശം.

അജയ് ദേവ്ഗണ്‍, കിച്ച സുദീപ് എന്നീ നടന്മാരുമായി ബന്ധപ്പെട്ട ഭാഷാവിവാദത്തില്‍ തന്റെ നിലപാട് വ്യക്തമാക്കുകയായിരുന്നു മന്ത്രി.

‘ഇന്ത്യയില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദിയെ സ്‌നേഹിക്കണം. നിങ്ങള്‍ക്ക് ഹിന്ദി ഇഷ്ടമല്ലെങ്കില്‍, നിങ്ങള്‍ ഒരു വിദേശിയാണെന്നോ വിദേശ ശക്തികളുമായി ബന്ധമുള്ളവരാണെന്നോ അനുമാനിക്കും. ഞങ്ങള്‍ പ്രാദേശിക ഭാഷകളെ ബഹുമാനിക്കുന്നു, എന്നാല്‍ ഈ രാജ്യം ഒന്നാണ്, ഇന്ത്യയുടെ ഭരണഘടന പറയുന്നത്, ഇന്ത്യ ‘ഹിന്ദുസ്ഥാന്‍’ എന്നാണ്, അതായത് ഹിന്ദി സംസാരിക്കുന്നവരുടെ ഇടം. ഹിന്ദി സംസാരിക്കാത്തവര്‍ക്കുള്ള സ്ഥലമല്ല ഹിന്ദുസ്ഥാന്‍. അവര്‍ ഈ നാട് വിട്ട് മറ്റെവിടെയെങ്കിലും പോകണം- മന്ത്രി പറഞ്ഞു.

നിഷാദ് പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന നിര്‍ബല്‍ ഇന്ത്യ ഷോഷിത് ഹമാര ആം ദള്‍ നേതാവാണ് നിഷാദ്. ബിജെപി സഖ്യത്തിന്റെ ഭാഗമാണ് നിഷാദ് പാര്‍ട്ടി.

ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല, മറിച്ച്‌ ഔദ്യോഗിക ഭാഷമാത്രമാണ്. പക്ഷേ, ഇത് മറച്ചുവച്ച്‌ ഹിന്ദിക്കുവേണ്ടി വാദിക്കുക ഹിന്ദുത്വരാഷ്ട്രീയക്കാരുടെ സ്ഥിരം പരിപാടിയാണ്.

മന്ത്രിയുടെ പ്രസ്താനക്കെതിരേ നിരവധി തോക്കള്‍ രംഗത്തുവന്നു. മന്ത്രിയുടെ പ്രതികരണം ഇന്ത്യയുടെ ബഹുസ്വരതയെ തകര്‍ക്കുന്നതാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ എം കെ കുറ്റപ്പെടുത്തി.