എസ്എസ്എൽസി തിയറി പരീക്ഷയ്‌ക്ക് തിരശ്ശീല വീണു; ഇനി ഫലപ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പ്

0
57

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി തിയറി പരീക്ഷകൾ അവസാനിച്ചു. 2961 കേന്ദ്രങ്ങളിലാണ് പരീക്ഷ നടന്നത്. മലയാളം രണ്ടാം പാർട്ട് ആയിരുന്നു അവസാന ദിവസത്തെ പരീക്ഷ. റഗുലർ വിഭാഗത്തിൽ 4,26,999 വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളും പരീക്ഷ എഴുതി. മേയ് മൂന്നിന് പ്രാക്ടിക്കൽ പരീക്ഷകൾ ആരംഭിക്കും. മേയ് പത്ത് വരെയാണ് പ്രാക്ടിക്കൽ പരീക്ഷകൾ നടക്കുക.

ഇതിന് ശേഷം മേയ് 11 ന് മൂല്യനിർണ്ണയം ആരംഭിച്ച് മെയ് അവസാനവാരത്തോടെ എസ്എസ്എൽസി ഫലപ്രഖ്യാപനം നടത്താനാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. മാർച്ച് 31നാണ് സംസ്ഥാനത്തെ 2943 കേന്ദ്രങ്ങളിലും ഗൾഫ് മേഖലയിലെ 9 കേന്ദ്രങ്ങളിലും ലക്ഷദ്വീപിലെ 9 കേന്ദ്രങ്ങളിലുമായി 2961 കേന്ദ്രങ്ങളിൽ എസ്.എസ്.എൽ.സി പരീക്ഷ ആരംഭിച്ചത്.

4,26,999 റഗുലർ വിദ്യാർഥികളും പ്രൈവറ്റ് വിഭാഗത്തിൽ 408 വിദ്യാർഥികളും പരീക്ഷ എഴുതി. മലയാളം മീഡിയത്തിൽ 1,91,787 വിദ്യാർത്ഥികളും ഇംഗ്ലീഷ് മീഡിയത്തിൽ 2,31,604 വിദ്യാർത്ഥികളും തമിഴ് മീഡിയത്തിൽ 2151 വിദ്യാർഥികളും കന്നഡ മീഡിയത്തിൽ 1457 വിദ്യാർത്ഥികളും എസ്.എസ്.എൽ.സി പരീക്ഷ എഴുതി. ആകെ 2,18,902 ആൺകുട്ടികളും 2,08,097 പെൺകുട്ടികളുമാണ് പരീക്ഷയ്‌ക്കായി രജിസ്റ്റർ ചെയ്തത്.