സഹോദരൻ മഹിന്ദ രജപക്സെയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ്

0
108

സഹോദരൻ മഹിന്ദ രജപക്സെയെ പ്രധാനമന്ത്രി പദത്തിൽ നിന്ന് നീക്കുമെന്ന് ശ്രീലങ്കൻ പ്രസിഡന്റ് ഗോതബായ രജപക്സെ.പ്രസിഡൻ്റുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എംപി മൈത്രിപാല സിരിസേനയാണ് ഇക്കാര്യം അറിയിച്ചത്. സർവകക്ഷി സർക്കാർ രൂപീകരിക്കുന്നതിനായി പ്രസിഡൻ്റ് വിളിച്ച യോഗത്തിൽ നിന്ന് ചില അംഗങ്ങൾ വിട്ടുനിന്നിരുന്നു. പ്രധാനമന്ത്രി മഹിന്ദ രജപക്സെയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താൻ താത്പര്യമില്ലെന്ന് അംഗങ്ങൾ പ്രസിഡൻ്റിനെ അറിയിച്ചു. തുടർന്നാണ് പ്രധാനമന്ത്രിയെ മാറ്റാമെന്ന് പ്രസിഡൻ്റ് സമ്മതിച്ചത്.

പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കാൻ ഒരു ദേശീയ കൗൺസിലിനെ നിയമിക്കുമെന്ന് പ്രസിഡന്റ് രജപക്‌സെ സമ്മതിച്ചു. സര്‍വകക്ഷി സര്‍ക്കാർ രൂപീകരിക്കുമെന്നും രജപക്സെ പറഞ്ഞതായി സിരിസേന പറഞ്ഞു. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജനം ദിവസങ്ങളായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്നുണ്ട്.
അതേസമയം, തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും മഹിന്ദ രജപക്സെ പറഞ്ഞിരുന്നു. രാജ്യം കണ്ട ഏറ്റവും രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങള്‍ ഒരുമിച്ച് പരിശ്രമിക്കുമെന്നാണ് രജപക്സെ വ്യക്തമാക്കുന്നത്. താന്‍ ആരാണെന്നും എന്താണെന്നും ഈ നാട്ടിലെ ജനങ്ങള്‍ക്ക് അറിയാമെന്നും രാജിവെക്കേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും രജപക്സെ കൂട്ടിച്ചേര്‍ത്തു.
1948-ല്‍ ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയതിന് ശേഷം ശ്രീലങ്ക കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ രാജ്യം കടന്നുപോകുന്നത്. 225 അംഗ പാര്‍ലമെന്റില്‍ 113 സീറ്റുകള്‍ നേടാനാകുന്ന ഏത് ഗ്രൂപ്പിനും സര്‍ക്കാര്‍ കൈമാറുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്സെ വ്യക്തമാക്കിയിരുന്നു. ശ്രീലങ്കയില്‍ ഇപ്പോഴും ക്ഷാമവും വിലക്കയറ്റവും അതിരൂക്ഷമായിത്തന്നെ തുടരുകയാണ്.