റിലയന്‍സ് റീട്ടെയില്‍, ജിയോ മെഗാ ഐപിഒ ഈവര്‍ഷം പ്രഖ്യാപിച്ചേക്കും

0
77

എല്‍ഐസിക്കു പിന്നാലെ മെഗാ ഐപിഒ പ്രഖ്യാപിക്കാന്‍ മുകേഷ് അംബാനി. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്‌സും റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോമുമാകും ഈവര്‍ഷം പ്രാരംഭ ഓഹരി വില്പനയുമായെത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ നടപ്പുവര്‍ഷത്തെ വാര്‍ഷിക പൊതുയോഗത്തില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.
പ്രാരംഭ ഓഹരി വില്പനയിലൂടെ ഇരുകമ്പനികളും 50,000-75,000 കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രൊമോട്ടര്‍മാര്‍ 10ശതമാനം ഓഹരിയാകും വിറ്റഴിക്കുക.
രാജ്യത്തെ വിപണിയോടൊപ്പം ആഗോളതലത്തിലും ലിസ്റ്റ് ചെയ്യുന്നതിന്റെ സാധ്യതകളും ആരായുന്നുണ്ട്. ടെക് കമ്പനികളുടെ ലോകത്തിലെ ഏറ്റവും വലിയ വിപണിയായ നാസ്ദാക്കിലാകും ജിയോയുടെ ലിസ്റ്റിങ്.
റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് അയവുവന്നാലുടനെ ഇരുകമ്പനികളും ഐപിഒ നടപടിക്രമങ്ങള്‍ക്കായി സെബിയെ സമീപിച്ചേക്കാം. ഡിസംബറോടെ ഐപിഒ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
ഫേസ്ബുക്ക്, ഗൂഗിള്‍ ഉള്‍പ്പടെ 13 വന്‍കിട നിക്ഷേപകര്‍ക്ക് റിലയന്‍സ് ജിയോ പ്ലാറ്റ്‌ഫോംസിന്റെ 33 ശതമാനം ഓഹരികള്‍ വിറ്റത് 2020ലാണ്. ഇതിലൊരുഭാഗം ഓഹരികള്‍ ഈ കമ്പനികള്‍ വിറ്റൊഴിഞ്ഞേക്കും.
പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, പാദരക്ഷകള്‍, ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങള്‍ എന്നിവ വില്‍ക്കുന്ന റിലയന്‍സ് റീട്ടെയിലിന് രാജ്യത്തുടനീളം 14,500 സ്റ്റോറുകളുണ്ട്. ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ജിയോമാര്‍ട്ടും കമ്പനിയുടെ ഭാഗമാണ്. 2021 ഡിസംബര്‍ പാദത്തില്‍മാത്രം കമ്പനിയുടെ വരുമാനം 50,654 കോടി രൂപയായിരുന്നു.