ബലാത്സംഗ കേസ്; മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഹൈക്കോടതിയിൽ

0
104

നടിയെ ബലാത്സംഗം ചെയ്ത കേസിൽ മുൻകൂർ ജാമ്യം (Advance Bail) തേടി നിർമ്മാതാവും നടനുമായ വിജയ് ബാബു (Vijay Babu) ഹൈക്കോടതിയെ (kerala Highcourt) സമീപിച്ചു. ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജി കോടതി ഇന്നു തന്നെ പരിഗണിക്കണമെന്ന് വിജയ് ബാബുവിൻ്റെ അഭിഭാഷകൻ ആവശ്യപ്പെട്ടേക്കും. തനിക്കെതിരായ പീഡനപരാതി കെട്ടിചമച്ചതാണെന്നും ബ്ലാക്ക് മെയിലിംഗ് ലക്ഷ്യമിട്ടാണ് പരാതി നൽകിയതെന്നും ഇതിനെ സാധൂകരിക്കുന്ന തെളിവുകൾ തൻ്റെ കൈവശമുണ്ടെന്നും ഹർജിയിൽ വിജയ് ബാബു പറയുന്നു.
സമൂഹത്തിലെ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവരെ മീടു ആരോപണങ്ങളിൽ കുടുക്കുന്നത് ഒരു ഫാഷനായി മാറിയെന്നും അത്തരമൊരു ദുരുദ്ദേശത്തോടെയാണ് ഈ പരാതിയെന്നും ഹർജിയിൽ വിജയ് ബാബു ആരോപിക്കുന്നു. താൻ ഏതെങ്കിലും തരത്തിൽ ബലാത്കാരമായി നടിയെ പീഡിപ്പിച്ചിട്ടില്ല. തന്നെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരാതി. സംഭവത്തിൻ്റെ സത്യാവസ്ഥ കോടതിയേയും അന്വേഷണസംഘത്തേയും ബോധ്യപ്പെടുത്താൻ സാധിക്കും. നിരപരാധിത്വം തെളിയിക്കാൻ സഹായിക്കുന്ന വാട്സാപ്പ് ചാറ്റുകൾ, മെസേജുകൾ, വീഡിയോകൾ അടക്കമുള്ള ഡിജിറ്റൽ തെളിവുകൾ തൻ്റെ കൈവശമുണ്ട്. ഇല്ലാത്ത തെളിവുകൾ തനിക്കെതിരെ കണ്ടെത്തി എന്ന് മാധ്യമവാർത്ത കൊടുക്കുകയാണ് അന്വേഷണസംഘവും പരാതിക്കാരിയായ നടിയും ചെയ്യുന്നതെന്നും വിജയ് ബാബു ഹർജിയിൽ പറയുന്നു. അന്വേഷണവുമായി എങ്ങനെ വേണമെങ്കിലും സഹകരിക്കാമെന്നും തന്നെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ട ആവശ്യമില്ലെന്നും ഹർജിയിൽ വിജയ് ബാബു വ്യക്തമാക്കുന്നു.
അതേസമയം, വിജയ്ബാബു ബെംഗളുരു വഴി ദുബായിലേക്ക് കടന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍. ഞായറാഴ്ചയാണ് നടൻ ദുബായിലേക്ക് കടന്നത്. സിസിടിവി ഉൾപ്പെടെയുള്ള ശാസ്ത്രീയതെളിവുകൾ പൊലീസ് ശേഖരിച്ചു. പരാതിയിൽ പറയുന്ന കാര്യങ്ങൾ കഴമ്പുണ്ടെന്ന് ഓരോ നിമിഷവും തെളിയുകയാണ്. കീഴടങ്ങാതെ വിജയ് ബാബുവിന് മറ്റു വഴികളില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ സി.എച്ച് നാഗരാജു പറഞ്ഞു.
വിജയ് ബാബുവിനെതിരായ പീഡനക്കേസിൽ ചലച്ചിത്ര പ്രവർത്തകർ അടക്കം എട്ടുപേരുടെ മൊഴി എടുത്തു. കൂടുതൽ സാക്ഷികളുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. വിജയ് ബാബുവിന്റെ ഫ്ലാറ്റിലടക്കം നടത്തിയ പരിശോധനയിൽ പരാതിക്കാരി നൽകിയ മൊഴി സാധൂകരിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ട്. വിജയ് ബാബുവിന്റെ പാസ്പോർട്ട് കണ്ടുകെട്ടാൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകിയിരുന്നു.
വിജയ് ബാബുവിനെതിരെ നിർണായക തെളിവുകൾ പൊലീസ് (police) ശേഖരിച്ചു . പരാതിക്കാരിക്കൊപ്പം ആഡംബര ഹോട്ടലിലെത്തിയതിൻ്റെ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.പീഡനപരാതി ബലപ്പെടുത്തുന്ന തരത്തിൽ ചലച്ചിത്ര പ്രവർത്തകരും ഹോട്ടൽ ജീവനക്കാരും അടക്കം എട്ട് സാക്ഷികളുടെ മൊഴികളും പൊലീസിന് ലഭിച്ചു. അതേസമയം ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം തേടി വിജയ് ബാബു ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും.
കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലിൽ നിന്നാണ് നിർണായകമായ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാർച്ച് 13 മുതൽ ഏപ്രിൽ 14 വരെയുള്ള തീയതികളിൽ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിൽ ഉള്ളത്.മയക്കുമരുന്നും മദ്യവും നൽകി അർധബോധാവസ്ഥയിൽ വിജയ് ബാബു ബലാത്സംഗത്തിന് ഇരയാക്കി എന്നാണ് പരാതിയിലുള്ളത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലും എന്നതടക്കമുള്ള ഭീഷണി തനിക്കുണ്ടായെന്നും നടിയുടെ പരാതിയിലുണ്ടായിരുന്നു.
നടിയുടെ മൊഴിയെ സാധൂകരിക്കുന്ന തെളിവുകളാണ് ഇക്കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് ശേഖരിച്ചത്. മൊഴിയിൽ പറയുന്ന സ്ഥലങ്ങളിൽ പരാതിക്കാരിയോടൊപ്പം അന്വേഷണസംഘം രഹസ്യമായി ചെല്ലുകയും പരാതിയിൽ പറയുന്ന സ്ഥലങ്ങളിൽ അതേസമയത്ത് ഇരുവരും എത്തി എന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഇതിനെ സാധൂകരിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കൊച്ചി പനമ്പള്ളി നഗറിലെ ഒരു ആഡംബര ഹോട്ടലിൽ നിന്നും പൊലീസ് ശേഖരിച്ചു. ഇവരെ കണ്ടതായുള്ള സാക്ഷിമൊഴികളും പൊലീസ് ശേഖരിച്ചു. സാക്ഷികളുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തും.
അതേസമയം, ലൈംഗിക പീഡനക്കേസിൽ പ്രതിയായ നിർമാതാവും നടനുമായ വിജയ് ബാബുവിനായി(vijay babu) ലുക്കൗട്ട് നോട്ടീസും(lookout notice) ലുക്കൗട്ട് സർക്കുലറും പുറത്തിറക്കി. പ്രതി വിദേശത്താണെന്നും പൊലീസ് സ്ഥിരീകരിച്ചു.ഈ മാസം 22നാണ് വിജയ് ബാബുവിനെതിരെ കോഴിക്കോട് സ്വദേശിനിയും നടിയുമായ യുവതി പീഡന പരാതി നൽകിയത്. പരാതിക്ക് പിന്നാലെ ഒളിവിൽ പോയ വിജയ് ബാബു ചൊവ്വാഴ്ച രാത്രി ഫേസ്ബുക്ക് ലൈവിലൂടെയാണ് ഇരയുടെ പേര് വെളിപ്പെടുത്തിയത്.
ഈ കുറ്റത്തിന് വിജയ് ബാബുവിനെതിരെ തേവര പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യുകയായിരുന്നു. പരാതിക്കാരി തന്നെയാണ് വീണ്ടും പരാതി നൽകിയത്. ഇതോടെ വിജയ് ബാബുവിനെതിരെ ബാലാൽസംഗ കുറ്റമടക്കം രണ്ടു കേസുകളായി.
ഒളിവിൽ കഴിയുന്ന പ്രതിക്ക് വേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ഇയാളുടെ പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റിൽ പൊലീസ് പരിശോധന നടത്തി. അതിനിടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി വിജയ് ബാബു പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ നിന്ന് അപ്രത്യക്ഷമായി.
കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ് വീഡിയോ അപ്രത്യക്ഷമായത്. വിജയ് ബാബു ആണോ ഫേസ്ബുക്ക് ആണോ വീഡിയോ പിൻവലിച്ചത് എന്ന് വ്യക്തമല്ല.