(DYFI)ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ വ്യക്തിപരമായ വിമര്‍ശനമെന്ന വാര്‍ത്ത നിരാശാ വാദികളുടെ കോക്കസ് നടത്തിയ നീക്കമെന്ന് മന്ത്രി മുഹമ്മദ് റിയാസ്(Muhammed Riyas). പൊതുചര്‍ച്ചയില്‍ ഒരാളും പറയാത്ത കാര്യമാണ് ഒരേ തരത്തില്‍ പ്രചരിപ്പിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. അതിനെ നിരാശാവാദികളുടെ കുസൃതിയായി മാത്രം കാണുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൊതുമരാമത്ത് വകുപ്പിനെ സുതാര്യമാക്കാന്‍ നടത്തിയ നടപടികള്‍ അസ്വസ്ഥതമാക്കിയവരാണ് ഇതിനു പിന്നിലെന്നും മന്ത്രി പത്തനംതിട്ടയില്‍ പ്രതികരിച്ചു.
അതിനിടെ മാധ്യമ മനക്കോട്ടകള്‍ ഡിവൈഎഫ്‌ഐയുടെ അക്കൗണ്ടില്‍ ചാര്‍ത്തരുതെന്ന് ഡിവൈഎഫ്‌ഐ പ്രസ്താവനയിലൂടെ അറിയിച്ചു. കുറിപ്പിന്റെ പൂര്‍ണ രൂപം:- പതിനഞ്ചാമത് സംസ്ഥാന സമ്മേളനം പത്തനംതിട്ടയില്‍ പ്രൗഢഗംഭീരമായി തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയുടെ കരുത്തുറ്റ യുവജന വിപ്ലവ പ്രസ്ഥാനത്തിന്റെ കേരള സംസ്ഥാന സമ്മേളനം കരുത്തുറ്റ സംഘടനാ ശേഷി കൊണ്ട് ശ്രദ്ധ നേടിയും പത്തനംതിട്ടയിലെ ജനങ്ങളാകെ ഹൃദയത്തിലേറ്റി കൊണ്ടും സമാനതകളില്ലാത്ത ഒരു സമ്മേളനമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ യുവതയും ഇന്ത്യന്‍ പൊതു സാമൂഹിക സാഹചര്യവും അതീവ സങ്കീര്‍ണ്ണമായ സ്ഥിതി വിശേഷത്തിലൂടെ കടന്നു പോകുമ്പോള്‍ ഡി.വൈ.എഫ്.ഐയുടെ കേരള സംസ്ഥാന സമ്മേളനത്തിന് രാഷ്ട്രീയ പ്രാധാന്യമേറെയുണ്ട്.സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രമേയങ്ങളും അനുബന്ധമായി നടക്കുന്ന സെമിനാറുകളും മറ്റു പരിപാടികളും ഇത് വിളിച്ചോതുന്നതാണ്.
എന്നാല്‍ ചില മാധ്യമങ്ങള്‍ ഇത്തരം സാമൂഹ്യ പ്രസക്തമായ വിഷയങ്ങള്‍ കണ്ടെന്നു നടിക്കാതെ അവരുടെ മനക്കോട്ടകളും, ആഗ്രഹങ്ങളും ഡിവൈഎഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്‌തെന്ന പേരില്‍ റിപ്പോര്‍ട്ട് ചെയ്യുകയാണ്.ഡി.വൈ.എഫ്.ഐ യെ സംബന്ധിച്ച് സംഘടനയുടെ കഴിഞ്ഞ കാല പ്രവര്‍ത്തനങ്ങളെ കുറിച്ച് ആഴത്തിലുള്ള വിലയിരുത്തലുകളും രാജ്യത്തെ യുവജന സമൂഹവും പൗരന്മാരും നേരിടുന്ന ജീവല്‍പ്രശ്‌നങ്ങളെ കുറിച്ചുള്ള സമഗ്രമായ ചര്‍ച്ചകളും ഭാവി പരിപാടികളും തീരുമാനിക്കാനുള്ള പ്രധാനപ്പെട്ട ഒരു സമ്മേളനമാണ് നടന്നു കൊണ്ടിരിക്കുന്നത്. രാജ്യത്തെ മതനിരപേക്ഷതയും ജനാധിപത്യവും തന്നെ അപകടത്തിലായ വര്‍ത്തമാന കാലത്ത് ഡി.വൈ.എഫ്.ഐ യുടെ സമ്മേളനത്തില്‍ നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് മിനിമം ധാരണയെങ്കിലും സ്വപ്ന ലോകത്തെ വാര്‍ത്തകള്‍ നിര്‍മ്മിച്ചെടുക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കുണ്ടാകണം.ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നെന്ന പേരില്‍ മാധ്യമങ്ങള്‍ പുറത്തു വിടുന്ന സാങ്കല്‍പ്പിക കഥകള്‍ അവസാനിക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ അറിയിക്കുന്നു.