കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരം: നിർമാണോദ്ഘാടനം മന്ത്രി വീണ ജോർജ് നിർവഹിച്ചു

0
64

 

തിരുവനന്തപുരം പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിന് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ മന്ദിരം നിർമിക്കുന്നു. പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ഓൺലൈനായി നിർവഹിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യമേഖലയിലെ ഒരു മുതൽ കൂട്ടായിരിക്കും പുതിയ കുടുംബരോഗ്യ കേന്ദ്രമെന്ന് മന്ത്രി പറഞ്ഞു.

ആരോഗ്യ കേരളം പദ്ധതിയിലുൾപ്പെടുത്തി 2.78 കോടി രൂപ ചെലവഴിച്ചാണ് പുതിയ മന്ദിരം നിർമിക്കുന്നത്. ഇരുനില കെട്ടിടത്തിൽ കാത്തിരിപ്പ് കേന്ദ്രം, റീചെക്ക് ഏരിയ, ഒ.പി റൂം, ഡ്രസിങ് റൂം, ലാബ്, ഫാർമസി, ഇഞ്ചക്ഷൻ റൂം, സ്റ്റോർ എന്നിവ ഒന്നാം നിലയിലും ഓഫ്ത്താൽമോളജി ഉൾപ്പെടെയുള്ള മറ്റ് വിഭാഗങ്ങൾ രണ്ടാം നിലയിലുമായിരിക്കും പ്രവർത്തിക്കുക.

കുന്നത്തുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സി.കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ, കുന്നത്തുകാൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.അമ്പിളി, നാഷണൽ ഹെൽത്ത് മിഷൻ ചീഫ് എഞ്ചിനീയർ അനില.സി.ജെ, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവരും പങ്കെടുത്തു.