Thursday
18 December 2025
24.8 C
Kerala
HomeKeralaപീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടാകും. രാത്രി 6.30നും 11.30നും ഇടയിൽ 15 മിനിറ്റായിരിക്കും നിയന്ത്രണം. നഗര പ്രദേശങ്ങളേയും ആശുപത്രി ഉൾപ്പെടെയുള്ള അവശ്യ സർവ്വീസുകളേയും വൈദ്യുതി നിയന്ത്രണത്തിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കൽക്കരി ക്ഷാമം മൂലം താപനിലയങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പീക്ക് അവറിൽ 200 മെഗാവാട്ടിൻ്റെ കുറവാണ് ഇപ്പോഴുള്ളത്. വൈദ്യുതി ഉപയോഗം കുറച്ച് ഉപഭോക്താക്കൾ സഹകരിക്കണമെന്ന് കെഎസ്ഇബി അഭ്യർത്ഥിച്ചു. പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയിട്ടുണ്ടെന്നും മറ്റൊരു വിതരണ കമ്പനിയുമായി കരാർ ഒപ്പിട്ടുവെന്നും മന്ത്രി കെ.കൃഷ്ണൻ കുട്ടി അറിയിച്ചു. കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി രണ്ട് ദിവസത്തിനുള്ളിൽ പ്രതിസന്ധി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ രംഗത്ത് എത്തി. ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും മന്ത്രി പറഞ്ഞു. എന്നാൽ രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലും ,ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ് .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു . ദില്ലിക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ കൽക്കരി ഉറപ്പാക്കണമെന്നാണ് ആവശ്യം. നിലവിൽ ദില്ലിയിൽ വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ പരമാവധി അഞ്ച് ദിവസത്തേക്ക് മാത്രം കൽക്കരി ശേഖരമുള്ള സാഹചര്യത്തിലാണ് കത്തയച്ചത്.

ജാർഖണ്ഡിൽ ഏഴ് മണിക്കൂറോളം വൈദ്യുതി മുടങ്ങുന്ന സാഹചര്യത്തിൽ ജനങ്ങൾ വലിയ പ്രതിസന്ധിയിലാണ്. പഞ്ചാബിൽ ആകെയുള്ള പതിനഞ്ച് താപനിലയിങ്ങളിൽ നാല് എണ്ണത്തിൻ്റെ പ്രവർത്തനം സ്തംഭിച്ച സാഹചര്യമാണ്. 5880 മെഗാവാട്ട് ശേഷിയിൽ 3327 മെഗാവാട്ട് വൈദ്യുതി മാത്രമാണ് നിലവിൽ സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. കനത്ത ചൂട് കാരണം വൈദ്യുതി ഉപയോഗം രാജ്യത്താകമാനം ഉയർന്നിട്ടുണ്ട്. കൊവിഡിന് ശേഷം വ്യവസായ മേഖലയും വിപണിയും ഉണർന്നതും വൈദ്യുതിയുടെ ആവശ്യം വർദ്ധിപ്പിച്ചു. കൽക്കരി ലഭ്യത കുറഞ്ഞതും പ്രതിസന്ധിയ്ക്ക് കാരണമാണ്. എന്നാൽ കൽക്കരി ക്ഷാമം രാജ്യത്ത് ഇല്ലെന്നും.അടുത്ത 30 ദിവസത്തേക്കുള്ള കൽക്കരി ശേഖരം രാജ്യത്തുണ്ടെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിശദീകരിക്കുന്നു.കൽക്കരി എത്തിക്കുന്നതിലെ കാലാ താമസമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് റിപോർട്ടുകൾ.

RELATED ARTICLES

Most Popular

Recent Comments