കല്‍ക്കരി ക്ഷാമം: ഡല്‍ഹിയിലെ മെട്രോ ട്രെയിനുകളും ആശുപത്രികളിലും വൈദ്യുതി മുടങ്ങും

0
94

ഡല്‍ഹി: കല്‍ക്കരി ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയിലെ മെട്രോ ട്രെയിനുകളും ആശുപത്രികളും ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടാകുമെന്ന് ഡല്‍ഹി സര്‍ക്കാറിന്റെ മുന്നറിയിപ്പ്.

ഡല്‍ഹി വൈദ്യുത മന്ത്രി സത്യേന്ദര്‍ ജെയിന്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ അടിയന്തര യോഗം ചേരുകയും തലസ്ഥാനത്ത് വൈദ്യുതി എത്തിക്കുന്ന വൈദ്യുത നിലയങ്ങളില്‍ മതിയായ കല്‍ക്കരി ലഭ്യത ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തെഴുതുകയും ചെയ്തു.

”ദാദ്രി, ഉഞ്ചഹാര്‍ പവര്‍ സ്റ്റേഷനുകളില്‍ നിന്നുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനാല്‍, ഡല്‍ഹി മെട്രോ, ഡല്‍ഹി സര്‍ക്കാര്‍ ആശുപത്രികള്‍ എന്നിവയുള്‍പ്പെടെ പല അവശ്യ സ്ഥാപനങ്ങളിലും വൈദ്യുതി വിതരണത്തില്‍ തടസ്സമുണ്ടായോക്കാം”- സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു.

നിലവില്‍, ഡല്‍ഹിയിലെ ഉപഭോഗ വൈദ്യുതിയുടെ 25 മുതല്‍ 30 ശതമാനം വരെയും ഈ പവര്‍ സ്റ്റേഷനുകളില്‍ നിന്നാണ് ലഭിക്കുന്നത്.എന്നാല്‍ ഡല്‍ഹിയിലെ കല്‍ക്കരിക്ഷാമം ഇവിടെയും പ്രതിസന്ധി സൃഷ്ടിക്കുകയാണ്. സര്‍ക്കാര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തലസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ ജനങ്ങള്‍ വൈദ്യുതി മുടക്കം നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദാദ്രി, ഉഞ്ചഹാര്‍, കഹല്‍ഗാവ്, ഫറാക്ക, തുടങ്ങിയ വൈദ്യുത നിലയങ്ങള്‍ പ്രതിദിനം 1,751 മെഗാവാള്‍ട്ട് വൈദ്യുതി നല്‍കുന്നുണ്ട്. എന്നാല്‍ ഈ പവര്‍ പ്ലാന്റുകളെല്ലാം കല്‍ക്കരിയുടെ രൂക്ഷമായ ക്ഷാമം നേരിടുന്നതായി നാഷണല്‍ പവര്‍ പോര്‍ട്ടലിന്റെ പ്രതിദിന റിപ്പോര്‍ട്ടില്‍ പറയുന്നു.

കടുത്ത വേനലിനൊപ്പം, വൈദ്യുതിയുടെ റെക്കോര്‍ഡ് ഉപയോഗം രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള വൈദ്യുതി വിതരണത്തില്‍ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. വൈദ്യുത നിലയങ്ങളിലേക്കുള്ള കല്‍ക്കരി വിതരണം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് പുറമേ, സാധന സാമഗ്രികള്‍ നിര്‍മ്മിക്കുന്നതിനായി അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഇറക്കുമതി വര്‍ധിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.