യുഎഇയില്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം

0
85

അബുദാബി: യുഎഇയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്‍ത് മൂണ്‍ സൈറ്റിങ് കമ്മിറ്റി. റമദാന്‍ 29 ആയ ശനിയാഴ്‍ച വൈകുന്നേരം മാസപ്പിറവി ദൃശ്യമാവുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാസപ്പിറവി കണ്ടവര്‍ 026921166 എന്ന നമ്പറില്‍ ബന്ധപ്പെടുകയും അടുത്തുള്ള കോടതിയിലെത്തി സത്യപ്രസ്‍താവന നല്‍കുകയും വേണം.
റമദാന്‍ വ്രതാനുഷ്‍ഠാനത്തിന് പരസമാപ്‍തി കുറിച്ചുകൊണ്ട് അറബി മാസം ശവ്വാല്‍ ഒന്നാം തീയ്യതിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. ശനിയാഴ്‍ച മാസപ്പിറവി ദൃശ്യമായാല്‍ ഗള്‍ഫില്‍ ഞായറാഴ്‍ചയായിരിക്കും പെരുന്നാള്‍ ആഘോഷം. ശനിയാഴ്‍ച മാസപ്പിറവി ദൃശ്യമായില്ലെങ്കില്‍ 30 നോമ്പുകള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്‍ച പെരുന്നാള്‍ ആഘോഷിക്കും.
സൗദിയില്‍ ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ ആഹ്വാനം
റിയാദ്: ഏപ്രില്‍ 30 (റമദാന്‍ 29) ശനിയാഴ്ച ശവ്വാല്‍ മാസപ്പിറവി നിരീക്ഷിക്കാന്‍ സൗദി സുപ്രീം കോടതി ജനങ്ങളോട് ആവശ്യപ്പെട്ടു. ഉമ്മുല്‍ ഖുറാ കലണ്ടര്‍ അനുസരിച്ച് റമദാന്‍ 29 ശനിയാഴ്ച വൈകിട്ട് മാസപ്പിറവി നിരീക്ഷിക്കാനാണ് നിര്‍ദ്ദേശം നല്‍കിയത്. നഗ്നനേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പുകള്‍ ഉപയോഗിച്ചോ മാസപ്പിറവി കാണുന്നവര്‍ ഏറ്റവും അടുത്തുള്ള കോടതിയില്‍ നേരിട്ടോ ഫോണിലൂടെയോ വിവരം അറിയിച്ച് സാക്ഷ്യം രേഖപ്പെടുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.