പൊതുവിദ്യാഭ്യാസ മേഖലയില്‍ പിന്നാക്കക്ഷേമ വകുപ്പിന്റെ ഫണ്ട് വിനിയോഗം ആലോചനയില്‍ : മന്ത്രി കെ രാധാകൃഷ്ണൻ

0
108

 

പിന്നാക്ക വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ കൂടുതലായി ആശ്രയിക്കുന്ന പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലെ വിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യ വികസനത്തിനായി പിന്നാക്ക ക്ഷേമ വകുപ്പിന്റെ ഫണ്ട് വിനിയോഗിക്കുന്നത് പരിഗണനയിലാണെന്ന് മന്ത്രി കെ.രാധാകൃഷ്ണന്‍. ഇതിനുള്ള നടപടികള്‍ ആരംഭിച്ചു. ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള പിന്നാക്ക വിഭാഗക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നതിനുള്ള ഭൗതിക സാഹചര്യം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. അമ്പൂരി പഞ്ചായത്തിലെ കുട്ടമല ഗവണ്‍മെന്റ് യു.പി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പട്ടിക ജാതി, പട്ടിക വര്‍ഗ വകുപ്പില്‍ നിന്നും ത്രിതല പഞ്ചായത്തുകള്‍ക്ക് ഇതുവരെ അനുവദിച്ചിട്ടുള്ള ഫണ്ടുകളുടെ വിനിയോഗം നേരിട്ട് പരിശോധിക്കും. അവയുടെ അടിസ്ഥാനത്തില്‍ പിന്നാക്ക വിഭാഗക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ ഉതകുന്ന പദ്ധതികള്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. യാത്രാ സൗകര്യങ്ങള്‍ പരിമിതമായ ആദിവാസി മേഖലകളിലെ സ്‌കൂളുകള്‍ അപ്‌ഗ്രേഡ് ചെയ്യണമെന്ന ആവശ്യം പരിഗണിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എണ്‍പത് വര്‍ഷം മുന്‍പ് സ്‌കൂളിനായി 1.3 ഏക്കര്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കിയ ജാനകി കാണിക്കാരിയുടെ മകള്‍ വേലമ്മ കാണിക്കാരിയെ ചടങ്ങില്‍ മന്ത്രി ആദരിച്ചു. കുട്ടമല ഗവണ്‍മെന്റ് ഐ.ടി.ഐയും മന്ത്രി സന്ദര്‍ശിച്ചു. ഐ.ടി.ഐ.യുടെ വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ വേഗത്തില്‍ നടപ്പാക്കുമെന്നും വിദ്യാര്‍ഥികളുടെ ഭക്ഷണം, ഹോസ്റ്റല്‍ സൗകര്യം എന്നീ ആവശ്യങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്നും മന്ത്രി അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം രൂപ ചെലവിലാണ് സ്‌കൂള്‍ കെട്ടിടം പണിയുന്നത്. 1753 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ പണിയുന്ന കെട്ടിടത്തില്‍ രണ്ട് സ്മാര്‍ട്ട് ക്ലാസ്സ്റൂമുകളും ശുചിമുറിയും ഉള്‍പ്പെടും. ആറ് മാസത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കും. ഇതോടൊപ്പം കുട്ടികള്‍ക്കുള്ള കളിസ്ഥലത്തിന്റെ നിര്‍മ്മാണവും ഉടന്‍ ആരംഭിക്കും.

സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് അംഗം രാധിക, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാല്‍കൃഷ്ണന്‍, അമ്പൂരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വത്സല രാജു, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിദ്യാഭ്യാസ വകുപ്പിലെയും പൊതുമരാമത്ത് വകുപ്പിലെയും ഉദ്യോഗസ്ഥര്‍, പി.ടി.എ അംഗങ്ങള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.