ആദിവാസി വിഭാഗങ്ങളെ സ്വയം ഉയര്‍ന്നു വരാന്‍ പ്രാപ്തരാക്കും : മന്ത്രി കെ. രാധാകൃഷ്ണന്‍

0
77

 

പിന്നാക്കം നില്‍ക്കുന്ന ആദിവാസി വിഭാഗങ്ങളെ സ്വയം ഉയര്‍ന്നു വരാന്‍ പ്രാപ്തരാക്കുകയാണ് ലക്ഷ്യമെന്നും മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കി സമൂഹത്തില്‍ നിന്ന് നേരിടുന്ന വിവേചനങ്ങള്‍ അതിജീവിക്കാന്‍ അവരെ സന്നദ്ധരാക്കുമെന്നും പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണന്‍. പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് നിയമ ബിരുദ കോഴ്സുകളുടെ പ്രവേശന പരീക്ഷകള്‍ക്കുള്ള പരിശീലനം നല്‍കുന്ന ‘നിയമഗോത്രം’ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലധിഷ്ഠിത കോഴ്സുകളില്‍ യോഗ്യത നേടിയ പിന്നാക്ക വിഭാഗങ്ങളിലെ 500 പേരെ അക്രഡിറ്റഡ് എഞ്ചിനീയര്‍മാരായി ഉടന്‍ തെരഞ്ഞെടുക്കും. മത്സര പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കി പൊതു രംഗത്തേക്ക് അവരെ കൊണ്ടുവരാനാണ് ശ്രമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും പട്ടിക വര്‍ഗ്ഗ വികസന വകുപ്പും സംയുക്തമായാണ് ‘നിയമഗോത്രം’ പരിപാടി സംഘടിപ്പിക്കുന്നത്. ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 11 വിദ്യര്‍ത്ഥികള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ പരിശീലനം നല്‍കുക.

പെരിങ്ങമ്മല ഗ്രാമ പഞ്ചായത്തിലെ ഞാറനീലിയില്‍ നടന്ന പരിപാടിയില്‍ ഡി.കെ.മുരളി എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി കെ.വിദ്യാധരന്‍, ഐ.ടി.ഡി.പി പ്രോജക്റ്റ് ഓഫീസര്‍ എ. റഹീം, ഞാറനീലി ട്രൈബല്‍ സ്‌കൂള്‍ സീനിയര്‍ സൂപ്രണ്ട് കന്തസ്വാമി കെ, പ്രിന്‍സിപ്പാള്‍ ദുര്‍ഗാ മാലതി തുടങ്ങിയവര്‍ പങ്കെടുത്തു.