ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്p

0
54

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ വരും ദിവസങ്ങളില്‍ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഒഡിഷ, പശ്ചിമബംഗാള്‍ തുടങ്ങിയ വിവിധ സംസ്ഥാനങ്ങളിലാണ് അത്യുഷ്ണത്തിന് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു. സമതലപ്രദേശങ്ങളില്‍ താപനില 40 ഡിഗ്രിയിലധികമാവുകയും തീരപ്രദേശങ്ങളില്‍ 37 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാവുകയും ഉയര്‍ന്ന പ്രദേശങ്ങളില്‍ 30 ഡിഗ്രി കടക്കുകയും ചെയ്യുമ്പോഴാണ്‌ ഉഷ്ണ തരംഗസാധ്യതയുണ്ടാകുന്നത്. .
സാധാരണ അനുഭവപ്പെടുന്ന കൂടിയ താപനിലയേക്കാള്‍ 4.5-6.4 ഡിഗ്രി സെല്‍ഷ്യസ് കൂടുതല്‍ താപനില രേഖപ്പെടുത്തുമ്പോള്‍ ഉഷ്ണതരംഗമായി കണക്കുന്നു. കൂടാതെ, ഒരു പ്രത്യേക പ്രദേശത്തിന്റെ താപനില 45 ഡിഗ്രി സെല്‍ഷ്യസോ അതിലധികമോ ആകുമ്പോള്‍ ഉഷ്ണതരംഗമായി കണക്കാക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണവകുപ്പ് പറയുന്നു. താപനില 47 ഡിഗ്രി സെല്‍ഷ്യസിലധികമാവുമ്പോള്‍ അതിരൂക്ഷ ഉഷ്ണതരംഗമായി കണക്കാക്കും. .
ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന താപനിലയേക്കാള്‍ 2-3 ഡിഗ്രി സെല്‍ഷ്യസോളം താപനിലയില്‍ വര്‍ധനവുണ്ടാകുമെന്നും മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവടങ്ങളില്‍ അടുത്ത മൂന്ന്-നാല് ദിവസങ്ങള്‍ക്കുള്ളില്‍ താപനില 2-4 ഡിഗ്രി സെല്‍ഷ്യസ് വര്‍ധിക്കാമെന്നും കാലാവസ്ഥാനിരീക്ഷണവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. മുംബൈയിലെ താപനില ഒരു ഡിഗ്രിയിലധികം വര്‍ധിക്കാനും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ അളവ് 80-90 ശതമാനമാകാനും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പുദ്യോഗസ്ഥന്‍ ജയന്ത് സര്‍ക്കാര്‍ പറഞ്ഞു.
ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാണ, ഉത്തര്‍പ്രദേശ്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉയര്‍ന്ന താപനില 45 ഡിഗ്രിയോ അതിലധികമോ രേഖപ്പെടുത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വൈദ്യുതി ഉപഭോഗം വര്‍ധിച്ചതോടെ പവര്‍കട്ട് പോലെയുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ഉറപ്പായി. രാജസ്ഥാനില്‍ ഫാക്ടറികളില്‍ മണിക്കൂറുകള്‍ നീളുന്ന പവര്‍കട്ട് ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഗുജറാത്ത്, ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും വ്യവസായശാലകള്‍ക്ക് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്താനുള്ള ഒരുക്കത്തിലാണ്. ജമ്മു കശ്മീരിലും താപനില വര്‍ധിക്കുന്നു. ശീതകാല തലസ്ഥാനമായ ജമ്മുവില്‍ റെക്കോഡ് താപനിലയായ 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി.
കേരളത്തിലും അന്തരീക്ഷ ഊഷ്മാവ് ഉയര്‍ന്ന നിലയില്‍ തുടരുന്നു. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും മഴ ലഭിച്ചെങ്കിലും പകല്‍ നേരത്തെ താപനില 32-34 ഡിഗ്രി സെല്‍ഷ്യസായി തുടരുരുകയാണ്. അന്തരീക്ഷത്തിലെ ഈര്‍പ്പവും പകല്‍നേരത്തെ താപനിലയിലെ വര്‍ധനവിന് കാരണമാകുന്നു. എങ്കിലും കേരളത്തിലെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്കും 40 കിലോമീറ്റര്‍വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് അറിയിച്ചു.