രേണുരാജ് ഇനി വിവാദ നായകൻ ശ്രീറാം വെങ്കിട്ടരാമന് സ്വന്തം; ചടങ്ങിൽ പങ്കെടുത്തത് അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും

0
60

ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കലക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയുമായ ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി. ചോറ്റാനിക്കരയിലെ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. വിവാഹം കഴിക്കാനുള്ള തീരുമാനം ഐ.എ.എസ് സുഹൃത്തുക്കളെ വാട്‌സാപ്പിലൂടെയാണ് രണ്ടുപേരും അറിയിച്ചത്. രേണുരാജിന്റെ രണ്ടാം വിവാഹമാണിത്. സഹപാഠിയായ ഡോക്ടറുമായുള്ള വിവാഹബന്ധം രേണുരാജ് നേരത്തേ വേര്‍പിരിഞ്ഞിരുന്നു. ശ്രീറാമിന്റെ ആദ്യ വിവാഹമാണിത്.

എംബിബിഎസ് ബിരുദം പൂർത്തിയാക്കിയ ശേഷമാണ് ഇരുവരും സിവിൽ സർവ്വീസിലെത്തുന്നത്. ദേവികുളം സബ് കളക്ടറായിരുന്നപ്പോൾ നടത്തിയ കൈയ്യേറ്റം ഒഴിപ്പിക്കലിലൂടെയാണ് ഇരുവരും ശ്രദ്ധ നേടിയത്. 2012ൽ രണ്ടാം റാങ്കോടെയാണ് ശ്രീറാം സിവിൽ സർവീസ് പരീക്ഷ പാസായത്. കൈയേറ്റക്കാർക്കെതിരെ നടപടികളിലൂടെ വാ‍ര്‍ത്തകളിൽ താരമായി മാറിയ ശ്രീറാം വെങ്കിട്ടരാമൻ, മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായതോടെ സസ്പെൻഷനിലായിരുന്നു.

ദീർഘനാളത്തെ സസ്പെൻഷന് ശേഷം സർവ്വീസിൽ തിരികെയെത്തിയ ശ്രീറാം വെങ്കട്ടരാമൻ നിലവിൽ ആരോഗ്യവകുപ്പിലാണ്. ആലപ്പുഴ ജില്ലാ കളക്ടറായ രേണുരാജ് ചങ്ങനാശ്ശേരി സ്വദേശിനിയാണ്. 2014ലാണ് രേണു രാജ് രണ്ടാം റാങ്കോടെ ഐഎഎസ് പാസായത്. സഹപാഠിയായ ഡോക്ടറുമായി വിവാഹിതയായിരുന്ന രേണുരാജ്, പിന്നീട് വേർപിരിഞ്ഞിരുന്നു.