ഇലക്‌ട്രിക് വാഹനങ്ങളില്‍ തീപിടിച്ച്‌ അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാർ

0
85

ഡല്‍ഹി: ഇലക്‌ട്രിക് വാഹനങ്ങളില്‍ തീപിടിച്ച്‌ അപകടമുണ്ടായ സംഭവങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കടുത്ത നടപടികള്‍ സ്വീകരിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍.

അപകടങ്ങളുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കഴിയുന്നതുവരെ, കമ്ബനികള്‍ ഇലക്‌ട്രിക് സ്‌കൂട്ടറുകളുടേയും ബൈക്കുകളുടേയും പുതിയ മോഡലുകള്‍ ഇറക്കരുതെന്ന് കേന്ദ്രം കര്‍ശനമായ നിര്‍ദ്ദേശം നല്‍കി.

കമ്ബനികള്‍ വാഹന നിര്‍മ്മാണത്തില്‍ അശ്രദ്ധ കാണിച്ചെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴ ചുമത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ വാഹനനിര്‍മാതാക്കളെ അറിയിച്ചിട്ടുണ്ട്. ഇലക്‌ട്രിക് വാഹനങ്ങളിലെ തുടര്‍ച്ചയായ തീപിടുത്തങ്ങളുടെ പശ്ചാത്തലത്തില്‍, സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. തീപടര്‍ന്ന് അപകടം റിപ്പോര്‍ട്ട് ചെയ്ത മോഡലുകള്‍ വിപണിയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് കമ്ബനികള്‍ക്ക് നിര്‍ദ്ദേശം നല്‍കാനും കേന്ദ്രം ആലോചിക്കുന്നുണ്ട്.

തീപിടിച്ച വാഹനങ്ങളില്‍, പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല, ഒകിനാവ, പ്യുവര്‍ ഇവി എന്നിവയുടെ വാഹനങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇന്ധനവില വര്‍ദ്ധനവിന്റേയും, പരിസ്ഥിതി മലിനീകരണം വര്‍ദ്ധിക്കുന്നതിന്റെയും പശ്ചാത്തലത്തില്‍ ഇലക്‌ട്രിക് വാഹനങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന്, നിരവധി സ്റ്റാര്‍ട്ട് അപ്പുകളാണ് പുതിയ ഇലക്‌ട്രിക് മോഡലുകള്‍ വിപണിയിലിറക്കാന്‍ തയ്യാറായിരുന്നത്.