ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങള്‍ കൊച്ചിയില്‍ അറസ്റ്റില്‍

0
94

കൊച്ചി: ഹണിട്രാപ്പിലൂടെ യുവാവില്‍നിന്ന് 46 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങള്‍ കൊച്ചിയില്‍ അറസ്റ്റില്‍. കൊട്ടാരക്കര സ്വദേശികളായ ഹരികൃഷ്ണന്‍, ഗിരികൃഷ്ണന്‍ എന്നിവരാണ് മരട് പോലീസിന്റെ പിടിയിലായത്.
ഫെയ്‌സ്ബുക്കില്‍ യുവതിയുടെ പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കിയാണ് പ്രതികള്‍ ഹണിട്രാപ്പ് ഒരുക്കിയത്. കൊച്ചിയിലെ ഒരു സ്വകാര്യ കമ്പനി മാനേജര്‍ക്കാണ് ഹണിട്രാപ്പിലൂടെ പണം നഷ്ടമായത്. സ്ത്രീ ശബ്ദത്തില്‍ സംസാരിച്ച് സൗഹൃദം സ്ഥാപിച്ച ശേഷമായിരുന്നു പരാതിക്കാരനില്‍നിന്ന് ഇവര്‍ പണംതട്ടിയതെന്നും പോലീസ് പറഞ്ഞു.

തന്റെ ഭര്‍ത്താവിനെ സ്ത്രീകള്‍ തുടര്‍ച്ചയായി വിളിക്കുന്നതും അവര്‍ക്ക് പണം നല്‍കുന്നതും അറിഞ്ഞ് പരാതിക്കാരന്റെ ഭാര്യയാണ് പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ മരട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീകളുടെ ശബ്ദത്തില്‍ സംസാരിക്കുന്നത് ഹരികൃഷ്ണനും ഗിരികൃഷ്ണനുമാണെന്ന് കണ്ടെത്തിയത്.
കൂടുതല്‍ ആളുകള്‍ ഇവരുടെ തട്ടിപ്പിന് ഇരയായിട്ടുണ്ടാകാമെന്നും എന്നാല്‍ ഇതുവരെ മറ്റുപരാതികള്‍ ലഭിച്ചിട്ടില്ലെന്നും പോലീസ് പറഞ്ഞു.