കരയ്ക്കടിഞ്ഞ കൂറ്റന്‍ തിമിംഗല സ്രാവിനെ കടലിലിറക്കാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം ഫലം കണ്ടില്ല

0
65

തിരുവനന്തപുരം: കരക്കടിഞ്ഞ കൂറ്റൻ തിമിംഗല സ്രാവിനെ കടലിലേക്ക് തിരിച്ച് വിടാനുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രമം ഫലം കണ്ടില്ല. ജീവന് വേണ്ടി മണിക്കൂറുകളോളം പിടഞ്ഞ സ്രാവ് ഒടുവിൽ ചത്തു. ഇന്നലെ പുലർച്ചെയോടെ വിഴിഞ്ഞം അടിമലത്തുറ തീരത്താണ് രണ്ടായിരത്തിലധികം കിലോ ഭാരമുള്ള ഉടുമ്പന്‍ സ്രാവ് കരക്കടിഞ്ഞത്. തിരയില്‍പ്പെട്ട് മണലിൽ പുതഞ്ഞ സ്രാവിനെ തിരമുറിച്ച് കടിലേക്ക് തന്നെ കടത്താൻ നിരവധി മത്സ്യത്തൊഴിലാളികൾ രാവിലെ മുതൽ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഒടുവിൽ വള്ളത്തിൽ കെട്ടിവലിച്ച് കടലേക്ക് ഇറക്കിയെങ്കിലും തിരയിൽപ്പെട്ട് വീണ്ടും കരയിലേക്ക് കയറിയ സ്രാവിന്‍റെ ചെകിളയിൽ മണൽ നിറഞ്ഞു. ഇതോടെ ശ്വാസ തടസമുണ്ടാവുകയും നിമിഷങ്ങൾക്കുള്ളിൽ ശ്വാസം നിലക്കുകയും ചെയ്തു. വിവരമറിഞ്ഞ് പരുത്തിപ്പള്ളി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ ബീറ്റ് ഓഫീസർ റോഷ്നിയുടെ നേതൃത്വത്തിലെത്തിയ ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിന് ശേഷം സ്രാവിന്‍റെ മൃതശരീരം സമീപത്ത് തന്നെ മണ്ണലില്‍ കുഴിയെടുത്ത് മൂടി.

അടുത്ത കാലത്തായി തിരുവനന്തപുരം ജില്ലയുടെ തീരപ്രദേശത്ത് നിരവധി ഉടുമ്പൻ സ്രാവുകൾ കരക്കടിഞ്ഞതായി അധികൃതർ പറഞ്ഞു. ആഴക്കടലില്‍ മാത്രം കാണപ്പെടുന്ന ഇത്തരം വലിയ ജീവികള്‍ ഇരതേടിയാണ് സാധാരണ തീരദേശത്തെത്താറ്. കാലാവസ്ഥാ വ്യതിയാനവും ഇതിന് കാരണമാണെന്ന് അജിത്ത് ശംഖുമുഖം ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ശരീരം നിറയെ വെള്ളുത്ത നിറത്തില്‍ പുള്ളികള്‍ ഉള്ളതിനാല്‍ ഇവയെ വെള്ളുടുമ്പ് സ്രാവ് എന്നും വിളിക്കുന്നു.