നടിയെ ആക്രമിച്ച കേസില്‍ വൈദികനില്‍നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നു

0
72

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വൈദികനില്‍നിന്ന് ക്രൈംബ്രാഞ്ച് മൊഴിയെടുക്കുന്നു. ഫാ. വിക്ടറിന്റെ മൊഴിയാണ് അന്വേഷണസംഘം രേഖപ്പെടുത്തുന്നത്. ഇദ്ദേഹത്തോട് ആലുവ പോലീസ് ക്ലബില്‍ ഹാജരാകാന്‍ നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
നേരത്തെ ദിലീപിന് ജാമ്യം ലഭിക്കാന്‍ നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടതായി ആരോപണമുയര്‍ന്നിരുന്നു. ഇതിനോടൊപ്പമാണ് സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ സുഹൃത്തായിരുന്ന ഫാ. വിക്ടറിന്റെ പേരും ചര്‍ച്ചയായത്. ജാമ്യം ലഭിച്ചതിന് ശേഷം ദിലീപും വിക്ടറുമായി കൂടിക്കാഴ്ച നടത്തിയതായും സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായും ആരോപണങ്ങളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് ഫാ. വിക്ടറില്‍നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
നടിയെ ആക്രമിച്ച കേസില്‍ മെയ് 31-നകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഏപ്രില്‍ 19-നാണ് തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കി കോടതി ഉത്തരവിട്ടത്. മെയ് 31-നകം അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേസുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും അന്വേഷണസംഘം വിശദമായി അന്വേഷിക്കുന്നത്.