സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ആരുടെ ഉടമസ്ഥതയിലാണെന്നത് രാജ്യത്തെ നിയമങ്ങൾ പരി​ഗണിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ

0
112

ദില്ലി: സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ ആരുടെ ഉടമസ്ഥതയിലാണെന്നത് രാജ്യത്തെ നിയമങ്ങൾ പരി​ഗണിക്കുന്നില്ലെന്ന് കേന്ദ്ര ഇലക്‌ട്രോണിക്‌സ് & ഇൻഫർമേഷൻ ടെക്‌നോളജി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ (Rajeev Chandrasekhar). റെയ്‌സിന ഡയലോഗ് 2022-ൽ സെഷനിൽ സംസാരിക്കുകയായിരുന്നു മന്ത്രി.  ശതകോടീശ്വരനായ ഇലോൺ മസ്‌ക് ട്വിറ്റർ വാങ്ങിയ സംഭവത്തെ പരാമർശിച്ചാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ രാജ്യത്ത് പ്രവർത്തിക്കുമ്പോൾ സുതാര്യത, സുരക്ഷ, വിശ്വാസ്യത, ഉത്തരവാദിത്തം എന്നിവയിൽ വിട്ടുവീഴ്ചയില്ലെന്നും ഉടമയെ അനുസരിച്ച് നിയമമോ നയമോ മാറില്ലെന്നും അദ്ദേ​ഹം പറഞ്ഞു. ജനാധിപത്യത്തിന്റെ തളർച്ചയും സാങ്കേതിക വിദ്യയും എന്ന എന്ന വിഷയത്തിലാണ് ചർച്ച സംഘടിപ്പിച്ചത്.
സോഷ്യൽമീഡിയ ഉപഭോക്താവിന് എന്താണ് ദോഷകരമെന്നതിന് നമ്മൾ സമവായമുണ്ടാക്കണം. ഉപഭോക്താവിന്റെ സുരക്ഷക്കായി സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ കൂടുതൽ ജാ​ഗ്രതപുലർത്തണം. ഇന്ത്യയിലെ സെക്ഷൻ 79 പ്രകാരം സോഷ്യൽമീഡിയകൾക്ക് പ്രവർത്തിക്കാൻ സുരക്ഷിതമായ അവസരമൊരുക്കുന്നു. എന്നാൽ രാജ്യത്തെ നിയമവും പ്രോട്ടോക്കോളും അനുസരിച്ച് മാത്രമാണ് പ്രവർത്തിക്കേണ്ടത്. സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകൾ  സൂക്ഷ്മത പാലിക്കുകയും ഉപയോക്താക്കൾ കുറ്റവാളികളാണോ അല്ലയോ എന്ന് ഉറപ്പ് വരുത്തുകയും ചെയ്യണമെന്നും മന്ത്രി പറഞ്ഞു.
അൽഗോരിതം പക്ഷഭേദം നിലനിൽക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. അൽ​ഗോരിതം പക്ഷഭേദം  നിലനിൽക്കുന്നുണ്ട്. അൽഗോരിതം കോഡ് ചെയ്യുന്ന കോഡർമാർക്ക് അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. നിങ്ങൾ ഒരു വലിയ ടെക് കമ്പനിയിൽ ജോലി ചെയ്യുന്ന ആളാണെങ്കിൽ എങ്ങനെയാണ് പ്രത്യേക പാർട്ടിക്കുവേണ്ടി കോഡ് ചെയ്യാൻ സാധിക്കുന്നത്. അവിടെ എല്ലാ കാഴ്ചപ്പാടുള്ളവരുമുണ്ടാകും. അതുകൊണ്ടു തന്നെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കുന്ന അൽഗോരിതങ്ങൾക്ക് ഉത്തരവാദിത്തവും സുതാര്യവുമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.