പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്കില്ല; പാര്‍ട്ടിയിലേക്കുള്ള ക്ഷണം നിരസിച്ചു

0
80

ഡൽഹി: തെരഞ്ഞെടുപ്പ്‌ തന്ത്രജ്ഞൻ പ്രശാന്ത്‌ കിഷോർ കോൺ​ഗ്രസിൽ ചേരില്ല. പാർട്ടിയുടെ ക്ഷണം പ്രശാന്ത് കിഷോർ നിരസിച്ചെന്ന് കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ രൺദീപ് സുർജേവാല ട്വീറ്റ് ചെയ്‌തു.

കോൺഗ്രസിനെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തയ്യാറാക്കേണ്ടതുമായി ബന്ധപ്പെട്ടുള്ള ഒരു വിഷയാവതരണത്തിനും ചർച്ചകൾക്കും ശേഷം, കോൺഗ്രസ് പ്രസിഡന്‍റ് സോണിയാ ഗാന്ധി നിയോ​ഗിച്ച ഉന്നതാധികാരസമിതിയാണ് പ്രശാന്ത് കിഷോറിനെ കോൺഗ്രസ് പാർട്ടിയിൽ ചേരാൻ ക്ഷണിച്ചതെന്നും അദ്ദേഹത്തിന്റെ സഹകരണത്തിനും ശ്രമങ്ങൾക്കും നിർദേശങ്ങൾക്കും നന്ദി പറയുന്നുവെന്നും സുർജേവാല ട്വീറ്റിൽ കുറിച്ചു.

കോൺഗ്രസ് പാർട്ടിയിൽ ചേർന്ന് തിരഞ്ഞെടുപ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ക്ഷണം വിനയപൂർവം നിരസിക്കുന്നെന്ന് പ്രശാന്ത് കിഷോറും ട്വീറ്റ് ചെയ്‌തു. തന്റെ അഭിപ്രായത്തിൽ തന്നെക്കാൾ പാർട്ടിക്ക് ആവശ്യം കൂട്ടായ നേതൃത്വവും ഒരുമയുമാണ്. ആഴത്തിൽ വേരുറച്ചുപോയ ഘടനാപരമായ പ്രശ്നങ്ങൾ ആവശ്യമായ പരിഷ്‌കരണ നടപടികളിലൂടെ പരിഹരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌‌തു.