മലയാള സിനിമാരം​ഗത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സം​ഗക്കേസ്; ഇത്തവണ വിജയ് ബാബു

0
74

കൊച്ചി: മലയാള സിനിമാ രം​ഗത്തെ ഞെട്ടിച്ച് വീണ്ടും ബലാത്സം​ഗക്കേസ്. സൂപ്പർ സ്റ്റാർ ആയിരുന്ന നടൻ ദിലീപ് പ്രതിയായ കൊച്ചിയിൽ നടിയെ അക്രമിച്ച കേസ് കോടതിയിൽ തുടരുന്നതിനിടെയാണ് മറ്റൊരു പ്രമുഖനായ വിജയ് ബാബുവിനെതിരെയും ബലാത്സം​ഗക്കേസ് ഉയരുന്നത്. കടുത്ത ആരോപണമാണ് കോഴിക്കോട് സ്വദേശിനിയായ പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് എറണാകുളത്തെ ഫ്ലാറ്റിൽ വെച്ച് നിരവധി തവണ ബലാത്സംഗം ചെയ്തെന്നാണ് പരാതി.

ഈ മാസം 22നാണ് യുവതി വിജയ് ബാബുവിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചത്. എന്നാൽ പരാതി ലഭിച്ച് നാല് ദിവസം പിന്നിട്ടിട്ടും വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല. ബലാത്സംഗം, ഗുരുതരമായി പരിക്കേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വിജയ് ബാബുവിനെതിരെ കേസെടുത്തത്. കേസിന്റെ വിശദാംശങ്ങളും പൊലീസ് പുറത്തുവിട്ടിട്ടില്ല. നിർമാണ രം​ഗത്തും അഭിനയ രം​ഗത്തും തിളങ്ങിയ വ്യക്തിയാണ് വിജയ് ബാബു. നിരവധി ഹിറ്റ് ചിത്രങ്ങൾ നിർമിച്ചു. ഫ്രൈഡേ ഫിലിം ഹൗസ് എന്ന നിർമ്മാണ കമ്പനിയിലൂടെ ജനപ്രിയ സിനിമകൾ നിർമ്മിച്ചാണ് വിജയ് ബാബു സിനിമാ രം​ഗത്ത് ചുവടുറപ്പിക്കുന്നത്. പുതിയ സിനിമകൾ റിലീസ് ചെയ്യാനിരിക്കെയാണ് കേസ്.

വിജയ് ബാബു എവിടെയാണെന്ന കാര്യവും പൊലീസ് പുറത്തുവിട്ടിട്ടില്ല. മലയാള സിനിമാ രം​ഗത്തെ ഞെട്ടിക്കുന്നതാണ് വിജയ് ബാബുവിനെതിരെയുള്ള കേസ്. നടിയെ ആക്രമിച്ച കേസിന്റെ അലയൊലികൾ അവസാനിക്കും മുമ്പെയാണ് മറ്റൊരു പ്രമുഖനെതിരെ കൂടി പരാതി വരുന്നത്. ഇതിനിടെ നിരവധി നടന്മാർക്കെതിരെ മീ ടു ആരോപണങ്ങളും വന്നിരുന്നു. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണം പഠിക്കാൻ സർക്കാർ നിയോ​ഗിച്ച ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ ഉള്ളതിനാൽ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാനാകില്ലെന്നാണ് സർക്കാർ നിലപാട്. സിനിമാ സംഘടനയായ ഡബ്ല്യുസിസി അടക്കം ഈ വിഷയത്തിൽ സർക്കാറിനെതിരെ രം​ഗത്തെത്തിയിരുന്നു. സിനിമാ ഷൂട്ടിങ് തൊഴിൽ മേഖലയായി കണ്ട് ആഭ്യന്തര പരാതി സെൽ രൂപീകരിക്കാൻ സർക്കാർ ഉത്തരവിട്ടിരുന്നു.