ലീഗ് നേതാവായ എഎ ഇബ്രാഹിംകുട്ടിയുടെ പേരിലുള്ള സ്വര്‍ണക്കടത് കേസിൽ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം-കോടിയേരി

0
67

തിരുവനന്തപുരം: തൃക്കാക്കര മുനിസിപ്പല്‍ വൈസ് ചെയര്‍മാനും ലീഗ് നേതാവുമായ എഎ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ചോദ്യംചെയ്യുന്ന സ്വര്‍ണക്കടത്ത് കേസില്‍ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.
കേരളത്തില്‍ ലീഗിന്റെ തണലിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. മുസ്ലീംലീഗ്, എസ്ഡിപിഐ പോലുള്ള വര്‍ഗ്ഗീയ ശക്തികളുമായി ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ആര്‍എസ്എസിനെ സഹായിക്കുന്ന നിലപാടാണെന്നും കോടിയേരി പറഞ്ഞു.
കൊച്ചി വിമാനത്താവളം വഴി ഇറച്ചിവെട്ട് യന്ത്രത്തില്‍ സ്വര്‍ണം കടത്തിയ കേസിലാണ് ലീഗ് നേതാവായ ഇബ്രാഹിം കുട്ടിയെ കസ്റ്റംസ് ചോദ്യം ചെയ്യുന്നത്. മകന്‍ ഷാബിന് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഇബ്രാഹിം കുട്ടിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
ബുധനാഴ്ച രാവിലെയാണ് ഇബ്രാഹിംകുട്ടി കൊച്ചി കസ്റ്റംസ് ഓഫീസില്‍ ഹാജരായത്. അതേസമയമം, മകനെതിരായ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു ഇദ്ദേഹത്തിന്റെ പ്രതികരണം. തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഇത്തരമൊരു ആരോപണം വന്നിരിക്കുന്നതെന്നും മകന്‍ ഇങ്ങനെയൊന്നും ചെയ്യില്ലെന്നാണ് തന്റെ പൂര്‍ണവിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെട്ട ഷാബിന്‍, കൂട്ടാളിയായ പി.എ. സിറാജുദ്ദീന്‍ എന്നിവരുടെ പാസ്പോര്‍ട്ടുകള്‍ കണ്ടുകെട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇബ്രാംഹികുട്ടിയുടെ വീട്ടില്‍ നടന്ന പരിശോധനയില്‍ ഷാബിന്റെ ലാപ്ടോപ്പും കസ്റ്റംസ് പിടിച്ചെടുത്തിരുന്നു.