ആറ് വര്‍ഷമായി കേരളം ഇന്ധന നികുതി കൂട്ടിയിട്ടില്ല; പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ധനമന്ത്രി

0
66

ഇന്ധനനികുതി കുറയ്ക്കുന്നില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമര്‍ശനത്തിന് മറുപടിയുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. പ്രധാനമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ആറ് വര്‍ഷമായി ഇന്ധന നികുതി കൂട്ടിയിട്ടില്ലെന്ന് ധനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ അര്‍ഹതയില്ലാത്ത നികുതിയാണ് പിരിക്കുന്നത്. അത് അവസാനിപ്പിക്കണം. പ്രധാനമന്ത്രി രാഷ്ട്രീയം പറയരുതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ മഹാരാഷ്ട്രയും രംഗത്തെത്തി. കേന്ദ്രം ഈടാക്കുന്നത് ഉയര്‍ന്ന നികുതിയാണെന്ന് മഹാരാഷ്ട്രാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. ഇന്ധനനികുതിയില്‍ 68 ശതമാനവും ലാഭിക്കുന്നത് കേന്ദ്രസര്‍ക്കാരാണെന്നും ശിവസേന തിരിച്ചടിച്ചു.
ഇന്ധനനികുതി കുറയ്ക്കണമെന്നാണ് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം നടത്തിയത്. ഈ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.