ആരോഗ്യ വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും തുടര്‍പരിശീലന പരിപാടി ഇനി ഇ പ്ലാറ്റ്‌ഫോമിലൂടെയും: മന്ത്രി വീണാ ജോര്‍ജ്

0
70

 

 

തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള തുടര്‍പരിശീലന പരിപാടികള്‍ ഇനിമുതല്‍ ഇ പ്ലാറ്റ്‌ഫോമിലൂടെയുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇന്ത്യയില്‍ ആദ്യമായാണ് സമഗ്രമായി ഈ പ്ലാറ്റ്‌ഫോമിലൂടെ തുടര്‍പരിശീലന പരിപാടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ലഭ്യമാക്കുന്നത്. ഇതിനായി ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം (എല്‍എംഎസ്) സജ്ജമാക്കിയിട്ടുണ്ട്. 35 കോഴ്‌സുകള്‍ ഈ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. ഇതിലൂടെ സംസ്ഥാനത്തുടനീളമുളള ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍ തുടങ്ങി എല്ലാ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും അതത് സ്ഥലങ്ങളില്‍ ഇരുന്നുതന്നെ നിര്‍ബന്ധിത പരിശീലനങ്ങള്‍ പൂര്‍ത്തിയാക്കാവുന്നതാണ്. പ്രാക്ടിക്കല്‍ പരിശീലനങ്ങള്‍ ആവശ്യമുള്ളവയ്ക്ക് മാത്രം നേരിട്ട് എത്തിയാല്‍ മതിയാകുമെന്നും മന്ത്രി വ്യക്തമാക്കി. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സ്റ്റേറ്റ് മിഷന്‍ ഓഫീസിന്റെ നവീകരിച്ച കെട്ടിടം, ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം, മിനി കോണ്‍ഫറന്‍സ് ഹാള്‍, ട്രെയിനിംഗ് കണ്‍സോള്‍ എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് വെബ് അധിഷ്ഠിത ഓണ്‍ലൈന്‍ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം വികസിപ്പിച്ചത്. ആരോഗ്യ വകുപ്പിലെ ഏതൊരു ജീവനക്കാര്‍ക്കും ഇതില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത് പരിശീലനങ്ങളില്‍ പങ്കെടുക്കാവുന്നതാണ്. പരിശീലനങ്ങളുടെ പൂര്‍ത്തീകരണവും സര്‍ട്ടിഫിക്കറ്റുകളും വ്യക്തിഗത പ്രൊഫൈലില്‍ തന്നെ സൂക്ഷിക്കാവുന്നതും ഉദ്യോഗസ്ഥര്‍ക്ക് ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്യാവുന്നതുമാണ്. മൂന്നു തരത്തിലുള്ള പരിശീലനങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ സാധ്യമാണ്. പരിശീലനാര്‍ഥികള്‍ക്ക് സ്വയം എന്റോള്‍ ചെയ്തു അവരവരുടെ സമയ സൗകര്യം അനുസരിച്ചു ചെയ്തു തീര്‍ക്കാവുന്ന സെല്‍ഫ് പാക്ഡ് കോഴ്‌സുകള്‍. പൂര്‍ണമായും ഫാക്കല്‍റ്റി നിയന്ത്രിതമായ സെല്‍ഫ് പാക്ഡ് കോഴ്‌സുകള്‍, ലൈവ് സെഷനുകള്‍ എന്നിവയാണവ. പരിശീലനങ്ങളില്‍ പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് അദ്ധ്യാപകരുമായി സംവദിക്കാനും സംശയ നിവാരണം നടത്താനുമുള്ള സംവിധാനം പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്.

ഒരേ സമയം 5000ലധികം പേര്‍ക്ക് പരിശീലനങ്ങളില്‍ പങ്കെടുക്കാനുള്ള സൗകര്യമുണ്ട്. പരിശീലനാര്‍ത്ഥികള്‍ക്കു ഓണ്‍ലൈനായി തന്നെ പരീക്ഷകള്‍ എഴുതുവാനും ഓണ്‍ലൈനായി തന്നെ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യാനുമുള്ള സംവിധാനമുണ്ട്. പരിശീലനങ്ങള്‍ കാലാനുസൃതമായി പരിഷ്‌കരിക്കും. മെഡിക്കല്‍ കൗണ്‍സില്‍, നഴ്‌സിംഗ് കൗണ്‍സില്‍, ഫാര്‍മസി കൗണ്‍സില്‍, പാരാമെഡിക്കല്‍ കൗണ്‍സില്‍ എന്നിവരുമായി സഹകരിച്ചുകൊണ്ടുള്ള പരിശീലനങ്ങളും ലക്ഷ്യമിടുന്നു.

വിവിധ കേഡറുകളില്‍ ഉള്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്ക് അവരുടെ മേഖലയില്‍ അവര്‍ കൈകാര്യം ചെയ്യുന്ന വിവിധങ്ങളായ വിഷയങ്ങള്‍ സംബന്ധിച്ചുള്ള പരിശീലനം, ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ക്കും മറ്റ് വിഭാഗം ജീവനക്കാര്‍ക്കും ആരോഗ്യ വകുപ്പിന്റ വിവിധ പ്രോഗ്രാമുകളെ സംബന്ധിച്ചുള്ള വിശദാംശങ്ങളും ഈ പ്ലാറ്റ്‌ഫോം വഴി ലഭ്യമാക്കുന്നതാണ്. എസ്റ്റാബ്ലിഷ്‌മെന്റ്, സര്‍വീസ് സംബന്ധമായ വിവിധ പരിശീലന പരിപാടികളും ഇതുവഴി നല്‍കുന്നതാണ്.

പരിശീലനം ആവശ്യമായ സര്‍ക്കാര്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അവരുടെ പെന്‍ നമ്പര്‍ ഉപയോഗിച്ച് https://keralahealtthraining.kerala.gov.in/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

എന്‍എച്ച്എം സ്റ്റേറ്റ് മിഷന്‍ ഡയര്‍ക്ടര്‍ ഡോ. രത്തന്‍ ഖേല്‍ക്കര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, ചീഫ് എഞ്ചിനീയര്‍ സിജെ അനില, ഫിനാന്‍സ് ഡയറക്ടര്‍ ഗീതാമണി അമ്മ, ട്രെയിനിംഗ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. വി.എസ്. ദിവ്യ എന്നിവര്‍ പങ്കെടുത്തു.