ദേശീയപാതയിൽ വാഹനാപകടത്തിൽ 4 മരണം; മരിച്ചത് നെടുമങ്ങാട് സ്വദേശികൾ

0
86

ആലപ്പുഴ: അമ്പലപ്പുഴ പാൽകുളങ്ങരയിൽ കാറും ലോറിയും കൂട്ടിയിടിച്ച് അപകടത്തിൽ നാല് മരണം. കാറിലുണ്ടായിരുന്ന നാല് പേരാണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. മരിച്ചവരില്‍ കുട്ടികളും ഉള്‍പ്പെടും. ഒരാള്‍ക്ക് പരിക്കേറ്റു. ഉഴമലയ്ക്കൽ പരുത്തിക്കുഴി സ്വദേശി ഷൈജു (34), അദിരാഗ് (25), ആനാട് സ്വദേശി സുധീഷ് ലാൽ, സുധീഷ് ലാലിന്റെ 12 വയസുള്ള മകൻ അമ്പാടി എന്നിവരാണ് മരിച്ചത്. മരിച്ചവർ തിരുവനന്തപുരം സ്വദേശികളാണ്.

സുധീഷ് ലാലിൻ്റെ ഭാര്യ ഷൈനിയെ ഗുരുതര പരുക്കുകളോടെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഷൈനിയെ വിദേശത്തേക്ക് യാത്ര അയക്കാൻ പോകുകയായിരുന്നു ഇവർ. നെടുമങ്ങാട് ആനാട് നിന്നും പുലർച്ചെ ഒരു മണിയോടെയാണ് ഇവർ എയർ പോർട്ടിലേക്ക് യാത്ര തിരിച്ചത്. കാറിനുള്ളിൽ നിന്ന് കിട്ടിയ തിരിച്ചറിയൽ കാർഡുകളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്.

വിമാനത്താവളത്തിലേക്ക് പോകും വഴി എതിർദിശയിൽ വന്ന ലോറിയും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിൽ ഉണ്ടായിരുന്ന അഞ്ചു പേരെ പൊലീസ് പുറത്തെടുത്തത്.
അപകടത്തിൽ പരുക്കേറ്റ ലോറി ഡ്രൈവറെയും കാറിലുണ്ടായിരുന്ന ആളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അമ്പലപ്പുഴ പൊലീസും തകഴി ഫയർഫോഴ്‌സുമെത്തിയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചത്.