എയർ ഏഷ്യ സ്വന്തമാക്കാൻ എയർ ഇന്ത്യ; ഏറ്റെടുക്കൽ ഉടൻ

0
64

ഡൽഹി: എയർ ഏഷ്യ സ്വന്തമാക്കാനൊരുങ്ങി എയർ ഇന്ത്യ. എയർ ഏഷ്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 100 ശതമാനം ഓഹരികളും ഏറ്റെടുക്കുന്നതിനായി സിസിഐയ്‌ക്ക് (കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ) മുമ്പാകെ എയർ ഇന്ത്യ അഭ്യർത്ഥന സമർപ്പിച്ചു. നിലവിൽ എയർ ഏഷ്യയുടെ 83.67 ശതമാനം ഓഹരികളും എയർ ഇന്ത്യക്ക് സ്വന്തമാണ്. ശേഷിക്കുന്ന 16.33 ശതമാനം എയർ ഏഷ്യ ഇൻവെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ കൈവശമാണുള്ളത്. മലേഷ്യയിലുള്ള എയർ ഏഷ്യ ഗ്രൂപ്പാണിത്. ഇതുകൂടി ഏറ്റെടുക്കാനുള്ള അപേക്ഷയാണ് ഇപ്പോൾ എയർ ഇന്ത്യ സമർപ്പിച്ചിരിക്കുന്നത്.

രണ്ട് വ്യോമയാന ബിസിനസ് സംരംഭങ്ങളും ഇന്ത്യയിൽ ആഭ്യന്തര സർവീസുകൾ നടത്തുന്നവയാണ്. എയർ കാർഗോ സർവീസുകളും ചാർട്ടർ വിമാന സർവീസുകളും നടത്തുന്നുണ്ട്. അതേസമയം അന്താരാഷ്‌ട്ര സർവീസുകൾ ഉൾപ്പെടെ നടത്തുന്നവരാണ് എയർ ഇന്ത്യ. രണ്ട് കമ്പനികളും ലയിച്ചുകഴിഞ്ഞാൽ ഗതാഗത സർവീസുകളിൽ താമസം നേരിട്ടേക്കാമെന്നാണ് സൂചന. ആഭ്യന്തര വിമാന സർവീസുകളിലും കാർഗോ സർവീസുകളിലും മുടക്കമോ താമസമോ ഉണ്ടായേക്കാം.

എയർ ഏഷ്യയുടെ പ്രധാന വിപണി കേന്ദ്രങ്ങളായ മംഗളൂരു, തിരുവനന്തപുരം, ഡൽഹി, ഹൈദരാബാദ്, ബെംഗളൂരു എയർപോർട്ടുകളിലാണ് സർവീസുകളിൽ മുടക്കം വരാൻ സാധ്യത. 2022 ജനുവരി 27ന് ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള സബ്സിഡിയറി കമ്പനിയായ തലേസ് പ്രൈവറ്റ് ലിമിറ്റഡ് വഴിയാണ് എയർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഔദ്യോഗികമായി ഏറ്റെടുത്തത്.