ബച്ചനോടൊപ്പമുള്ള ആദ്യ ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങിനിടെ നടന്‍ റഹ്മാന് പരുക്ക്

0
69

അമിതാഭ് ബച്ചനോടൊപ്പമുള്ള തന്റെ ആദ്യ ഹിന്ദി ചിത്രമായ ഗണപതിന്റെ ഷൂട്ടിങിനിടെ നടന്‍ റഹ്മാന് പരുക്ക്. കരാട്ടെ രംഗത്തിന്റെ ഷോട്ട് ചിത്രീകരണത്തിനിടെ റഹ്മാന്റെ തുടയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റതിനെ തുടര്‍ന്ന് നടന്‍ രണ്ടുദിവസത്തെ വിശ്രമത്തിലാണ്. എന്നാല്‍ ഷൂട്ടിങ് നിര്‍ത്തിവച്ചിട്ടില്ല. കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ ലണ്ടനില്‍ ആരംഭിച്ച ഗണപതിന്റെ ഷൂട്ടിങ് നിലവില്‍ മുംബൈയില്‍ പുരോഗമിക്കുകയാണ്.

സ്റ്റുഡിയോ ഫ്‌ളോറിലെ ബോക്‌സിംഗ് റിംഗിലാണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ റഹ്മാന്റെ ആമുഖ രംഗമാണിത്. മുന്നൂറിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും പ്രധാന താരങ്ങള്‍ക്കൊപ്പം ചിത്രത്തിലുണ്ട്. മൂന്ന് മാസത്തോളം നീണ്ട സ്‌ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റുകള്‍ എന്നിവയും നടന്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.

വികാസ് ബാലിന്റെ സംവിധാനത്തിലുള്ള ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഗണപത്. ഗുഡ് കോ പ്രൊഡക്ഷന്‍സിന്റെയും പൂജ എന്റര്‍ടെയ്ന്‍മെന്റിന്റെയും ബാനറില്‍ വികാസ് ബഹല്‍, ജാക്കി ഭഗ്‌നാനി, വാഷു ഭഗ്‌നാനി, ദീപ്ശിഖ ദേശ്മുഖ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മാണം. ടൈഗര്‍ ഷ്രോഫും കൃതി സനോണുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.