ഒറ്റപ്പാലത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72-കാരനെ 65 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു

0
70

പട്ടാമ്പി: ഒറ്റപ്പാലത്ത് എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 72-കാരനെ 65 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ചു. മുളഞ്ഞൂര്‍ സ്വദേശി അപ്പുവിനെയാണ് പട്ടാമ്പി അതിവേഗ പ്രത്യേക കോടതി ജഡ്ജി സതീഷ് കുമാര്‍ ശിക്ഷിച്ചത്. കഠിനതടവിന് പുറമേ രണ്ട് ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചിട്ടുണ്ട്. ഈ തുക പീഡനത്തിനിരയായ പെണ്‍കുട്ടിക്ക് നല്‍കാനും ഉത്തരവിട്ടു. പെണ്‍കുട്ടിക്ക് ഉചിതമായ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും നിര്‍ദേശം നല്‍കി.
2020-ലായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയെ അപ്പു തന്റെ വീട്ടിലെ അടുക്കളയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. ഒറ്റപ്പാലത്തെ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എം.സുജിത്, ജയേഷ് ബാലന്‍, എസ്.ഐ. എസ്. അനീഷ് എന്നിവരാണ് കേസില്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി നിഷ ജയകുമാര്‍ ഹാജരായി.
അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവ്
കുന്നംകുളം: അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും ശിക്ഷ. ചാവക്കാട് സ്വദേശി സയീദ് മുഹമ്മദിനെയാണ് കുന്നംകുളം അതിവേഗ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്.
2017 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ സയീദ് മുഹമ്മദ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെയാണ് വീട്ടുകാര്‍ കുട്ടിയോട് വിവരം തിരക്കിയത്. ഇതോടെ പീഡനവിവരം വെളിപ്പെടുത്തുകയും വീട്ടുകാര്‍ ചാവക്കാട് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായ കെ.എസ്. ബിനോയ് ആണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്. കേസില്‍ 13 സാക്ഷികളെ വിസ്തരിച്ചു. 16 രേഖകളും ശാസ്ത്രീയ തെളിവുകളും കോടതിയില്‍ ഹാജരാക്കി.