കറാച്ചിയില്‍ സ്വയം പൊട്ടിത്തെറിച്ചത് 30-കാരി; രണ്ടു കുഞ്ഞുങ്ങളുടെ അമ്മ, ഉന്നത ബിരുദധാരി

0
82

കറാച്ചി: കറാച്ചിയില്‍ നാല് പേരുടെ മരണത്തിനിടയാക്കിയ ബോംബ് സ്‌ഫോടനത്തില്‍ ചാവേറായി പൊട്ടിത്തെറിച്ചത് ബലൂചിസ്ഥാന്‍ സ്വദേശിയായ യുവതി. ബലൂചിസ്ഥാനിലെ തര്‍ബാത് നിയാസര്‍ അബാദ് സ്വദേശിയായ ഷാറി ബലോച് ആണ് ചാവേര്‍ ബോംബാക്രമണം നടത്തിയതെന്നാണ് സ്ഥിരീകരണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ബലൂചിസ്ഥാന്‍ ലിബറേഷന്‍ ആര്‍മി (ബി.എല്‍.എ) പുറത്തിറക്കിയ പ്രസ്താവനയിലും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
30 വയസ്സുകാരിയായ ഷാറി ജന്തുശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദധാരിയാണെന്നാണ് റിപ്പോര്‍ട്ട്. എം.ഫില്‍ ഗവേഷകയായിരുന്ന ഇവര്‍ ഒരു സ്‌കൂളില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു. ഭര്‍ത്താവ് ദന്തഡോക്ടറാണ്. എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുമുണ്ട്.
രണ്ടുവര്‍ഷം മുമ്പാണ് ഷാറി ബി.എല്‍.എ.യുടെ മജീദ് ബ്രിഗേഡില്‍ അംഗമായതെന്നാണ് വിവരം. മജീദ് ബ്രിഗേഡിലെ ചാവേറുകളുടെ പ്രത്യേക സ്‌ക്വാഡിലായിരുന്നു ഷാറിയുടെ പ്രവര്‍ത്തനം. രണ്ട് ചെറിയ കുട്ടികളുള്ളതിനാല്‍ സംഘത്തില്‍നിന്ന് വിട്ടുപോകാന്‍ ഷാറിയ്ക്ക് അവസരം നല്‍കിയിരുന്നെങ്കിലും ഇവര്‍ സ്‌ക്വാഡില്‍ തുടരുകയായിരുന്നുവെന്നാണ് ബി.എല്‍.എ. പറയുന്നത്.
രണ്ടുവര്‍ഷത്തിനിടെ മജീദ് ബ്രിഗേഡിന്റെ വിവിധ യൂണിറ്റുകളില്‍ ഷാറി പ്രവര്‍ത്തിച്ചു. ഇതിനിടെ, ചാവേര്‍ സംഘത്തില്‍ അംഗമാകാനുള്ള തീരുമാനത്തെക്കുറിച്ച് പുനര്‍ചിന്തിക്കാനും ബ്രിഗേഡ് ഷാറിക്ക് സമയം നല്‍കിയെന്നാണ് സംഘടന പറയുന്നത്. എന്നാല്‍ ആറുമാസം മുമ്പ് തന്റെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നതായി യുവതി നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഇതിനുശേഷം തങ്ങളുടെ ദൗത്യത്തില്‍ യുവതിയുടെ സജീവ പങ്കാളിത്തമുണ്ടായിരുന്നതായാണ് ബി.എല്‍.എ. അവകാശപ്പെടുന്നത്.
കറാച്ചി സര്‍വകലാശാലയില്‍ കഴിഞ്ഞദിവസമുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് ചൈനീസ് പൗരന്മാര്‍ ഉള്‍പ്പെടെ നാലുപേരാണ് കൊല്ലപ്പെട്ടത്. സര്‍വകലാശാലയിലെ കണ്‍ഫ്യൂഷസ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കവാടത്തിന് മുന്നിലായിരുന്നു സ്‌ഫോടനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പുറത്തുവന്നതോടെയാണ് ഇതൊരു ചാവേര്‍ ആക്രമണാണെന്ന് കണ്ടെത്തിയത്. ബുര്‍ഖ ധരിച്ചെത്തിയ സ്ത്രീ സ്ഥാപനത്തിന്റെ കവാടത്തിന് സമീപം നില്‍ക്കുന്നതും സ്ഥാപനത്തിലേക്കുള്ള വാഹനം ഇവരുടെ സമീപത്ത് എത്തുമ്പോള്‍ സ്‌ഫോടനമുണ്ടാകുന്നതുമാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്.
കറാച്ചി സര്‍വകലാശാലയിലെ സ്‌ഫോടനം ചൈനയ്ക്ക് നല്‍കുന്നത് വ്യക്തമായ സന്ദേശമാണെന്നായിരുന്നു ബി.എല്‍.എ. വക്താവ് ജിയാന്ത് ബലൂച് പ്രതികരിച്ചത്. ബലൂചിസ്ഥാനില്‍ നേരിട്ടും അല്ലാതെയും ചൈന നടത്തുന്ന ഇടപെടല്‍ ഒരിക്കലും അനുവദിക്കാനാകില്ലെന്നും ബി.എല്‍.എ. വക്താവ് വ്യക്തമാക്കിയിരുന്നു. ബലൂചിസ്ഥാനിലെ ഇടപെടലില്‍നിന്നും പാകിസ്താന് സഹായം നല്‍കുന്നതില്‍നിന്നും ചൈന പിന്മാറിയില്ലെങ്കില്‍ ഭാവിയിലെ ആക്രമണങ്ങള്‍ നിര്‍ദയമാകുമെന്നും ബി.എല്‍.എ. മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബലൂചിസ്ഥാനിലും പാകിസ്താനിലും ഏതുസമയത്തും ചാവേര്‍ ആക്രമണം നടത്താന്‍ തയ്യാറായ നൂറുകണക്കിന് അംഗങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും ബി.എല്‍.എ. അവകാശപ്പെടുന്നുണ്ട്.