Wednesday
17 December 2025
26.8 C
Kerala
HomeKeralaസി. ഇ. ടി കോളേജിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം നാളെ

സി. ഇ. ടി കോളേജിന്റെ പുതിയ ബ്ലോക്ക് ഉദ്ഘാടനം നാളെ

തിരുവനന്തപുരം: തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗി (സി.ഇ.ടി)ല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഇന്‍ഡസ്ട്രിയല്‍ ആന്റ് പ്രൊഡക്ഷന്‍ എഞ്ചിനീയറിംഗ് ബ്ലോക്കിന്റെ ഉദ്ഘാടനം നാളെ വൈകുന്നേരം നാല് മണിക്ക് ഉന്നത വിദ്യാഭ്യാസ -സമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു നിര്‍വഹിക്കും. ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷനാകും. എ.പി.ജെ. അബ്ദുള്‍ കലാം ടെക്നോളജിക്കല്‍ യൂണിവേഴ്സിറ്റിയുടെ ‘ബ്രിഡ്ജിംഗ് ദി ഡിജിറ്റല്‍ ഡിവൈഡ്’ പദ്ധതിപ്രകാരം അര്‍ഹരായ പത്ത് വിദ്യാര്‍ത്ഥികള്‍ക്കുളള ലാപ്ടോപ്പ് വിതരണവും ഇതോടൊപ്പം നടത്തും.

സി. ഇ. ടി കോളേജില്‍ 29 ബിരുദാനന്തര ബിരുദ കോഴ്‌സുകളിലും 8 ബിരുദ കോഴ്‌സുകളിലും ഗവേഷണ വിഭാഗത്തിലുമായി അയ്യായിരത്തിലധികം വിദ്യാര്‍ഥികളുണ്ട്. കോളേജിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് ഭൗതികസാഹചര്യങ്ങള്‍ പരിഷ്‌കരിക്കുന്നത്. പുതിയ ബഹുനില മന്ദിരത്തില്‍ നിലവില്‍ സെല്ലാര്‍ ഉള്‍പ്പെടെ മൂന്നു നിലകളാണ്. നാല്‍പതിനായിരം ചതുരശ്ര അടി വിസ്തൃതിയില്‍ 17 കോടി രൂപ ചെലവില്‍ ആണ് നിര്‍മ്മാണം നടത്തിയിരിക്കുന്നത്. 18 ക്ലാസ് മുറികളും അധ്യാപകര്‍ക്ക് എട്ട് മുറികളും രണ്ട് പരീക്ഷണശാലകളും ഒരു വനിതാ വിശ്രമകേന്ദ്രവും മന്ദിരത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ബ്ലോക്ക് അങ്കണത്തിലും ഡയമണ്ട് ജൂബിലി ഹാളിലുമായി നടക്കുന്ന പരിപാടിയില്‍ ശശി തരൂര്‍ എം.പി, കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍, പി.ഡബ്ല്യു.ഡി ചീഫ് എഞ്ചിനീയര്‍ ബീന.എല്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പു ഡയറക്ടര്‍ ഡോ. ബൈജുബായി ടി.പി, പ്രിന്‍സിപ്പാള്‍ ഡോ. വി. സുരേഷ് ബാബു, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുക്കും.

RELATED ARTICLES

Most Popular

Recent Comments