മൂന്ന് മീനിന് രണ്ടേകാൽ ലക്ഷം രൂപ: കൊല്ലം തീരത്തടിഞ്ഞത് ‘കടൽ സ്വർണ്ണം’

0
99

കൊല്ലം: നീണ്ടകര തുറമുഖത്ത് വലയിൽ കുടുങ്ങിയ കടൽ സ്വർണ്ണമെന്ന് അറിയപ്പെടുന്ന പട്ത്തിക്കോര ലേലത്തിൽ വിറ്റത് രണ്ടേകാൽ ലക്ഷത്തിന്. ഹൃദയശസ്ത്രക്രിയ ഉൾപ്പെടെ വലിയ ശസ്ത്രക്രിയയ്‌ക്ക് ആവശ്യമായ നൂല് നിർമ്മാണത്തിന് ഉപയോഗിക്കുന്നത് പട്ത്തിക്കോരയുടെ ബ്ലാഡറാണ്(പളുങ്ക്). കഴിഞ്ഞ ദിവസമാണ് നീണ്ടകര തുറമുഖത്ത് പട്ത്തിക്കോര കുടുങ്ങിയത്. നിമിഷ നേരം കൊണ്ട് തന്നെ മോഹവിലയ്‌ക്ക് മീൻ വിറ്റു പോവുകയും ചെയ്തു.

കടൽ വെള്ളത്തിൽ പൊങ്ങിക്കിടക്കാനും നീന്താനും സഹായിക്കുന്ന ഇതിന്റെ എയർ ബ്ലാഡറാണ് മോഹവിലയ്‌ക്ക് കാരണം. ഗുജറാത്ത്, മഹാരാഷ്‌ട്ര, ഓഡീഷ തീരങ്ങളിലാണ് പട്ത്തിക്കോരയെ പ്രധാനമായും കാണാറുള്ളത്. ശക്തികുളങ്ങര തുറമുഖത്ത് നിന്നും കടലിൽ പോയ ലൂക്കായുടെ മനു എന്ന വള്ളത്തിലാണ് മീൻ ലഭിച്ചത്. നീണ്ടകരയിൽ നിന്നും മൂന്ന് കിലോമീറ്ററുള്ളിൽ നിന്നാണ് മത്സ്യം ലഭിച്ചത്.

20 കിലോ ഭാരമുള്ള ആൺ മത്സ്യത്തിന്റെ ശരീരത്തിൽ 300 ഗ്രാം പളുങ്കുണ്ടാകും. ഒരു കിലോ പളുങ്കിന് മൂന്ന് മുതൽ അഞ്ച് ലക്ഷം രൂപ വരെ വിലയുണ്ട്. എന്നാലിതിന്റെ മാംസത്തിന് അധികം വിലയില്ല. കിലോയ്‌ക്ക് 250 രൂപ മാത്രമാണുള്ളത്. സിംഗപ്പൂരിൽ വൈൻ ശുദ്ധീകരണത്തിന് ഇതിന്റെ ബ്ലാഡറും സൗന്ദര്യ വർദ്ധക വസ്തുക്കൾ നിർമ്മിക്കാൻ മാംസവും ഉപയോഗിക്കുന്നുണ്ട്.