അമേരിക്കയിൽ പൈലറ്റ് ക്ഷാമം; വിമാനക്കമ്പനികൾ ബസ് സർവീസിലേക്ക്

0
154

രാജ്യവ്യാപക ക്ഷാമത്തിനിടയിൽ പൈലറ്റുമാരെ കണ്ടെത്താനുള്ള തത്രപ്പാടിലാണ് യു.എസ് എയർലൈനുകൾ. ക്ഷാമം അതിരൂക്ഷമായതോടെ ഹൃസ്വദൂര യാത്രകൾക്ക് വിമാനത്തിന് പകരം ബസ് ഏർപ്പെടുത്തിയിരിക്കുകയാണ് വിമാനക്കമ്പനികൾ. വിമാനത്തേക്കാൾ ലാഭകരവും എളുപ്പവും ബസ് സർവീസ് ആണെന്ന തിരിച്ചറിവിലാണ് തീരുമാനം. ജൂൺ മൂന്നു മുതൽ സർവീസ് ആരംഭിക്കാനാണ് നീക്കം.

രാജ്യത്തെ ഏറ്റവും വലിയ എയർലൈനായ അമേരിക്കൻ എയർലൈൻസും, യുനൈറ്റഡ് എയർലൈൻസുമാണ് യാത്രക്കാരെ എത്തിക്കുന്നതിന് ബസ് സർവീസ് കമ്പനികളെ ആശ്രയിച്ചിരിക്കുന്നത്. ഇരുവരും ലാൻഡ്‌ലൈൻ എന്ന ബസ് സർവീസ് കമ്പനിയുമായി കരാറിലെത്തി. ഫിലഡെൽഫിയ എയർപോർട്ടിൽ നിന്ന് 73 മൈൽ അകലെയുള്ള അലൻടൗൺ (പെൻസിൽവാനിയ), 56 മൈൽ അകലെയുള്ള അറ്റ്‌ലാന്റിക് സിറ്റി (ന്യൂജേഴ്‌സി) എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാണ് കരാർ.

ഡെൻവർ എയർപോർട്ടിൽ നിന്ന് ബ്രെക്കൻറിജ്, ഫോർട് കൊളിൻസ് എന്നിവിടങ്ങളിലേക്കും തിരിച്ചുമാണ് സർവീസ്. ഇരു വിമാനക്കമ്പനികളുമായുള്ള കരാറിലൂടെ 28 ദശലക്ഷം ഡോളർ സമാഹരിക്കാൻ കഴിഞ്ഞതായും ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനായി ഉപയോഗിക്കുമെന്നും ലാൻഡ്‌ലൈൻ അറിയിച്ചു.