‘ചിത്രം വൻ ഹിറ്റ്’; ബീസ്റ്റ് ടീമിന് വിരുന്ന് നൽകി വിജയ്

0
71

റിലീസിന് മുന്നേ തരംഗം സൃഷ്ട്ടിച്ച സിനിമയായിരുന്നു വിജയ് നായകനായി എത്തിയ ബീസ്റ്റ്. രണ്ട് സൂപ്പര്‍ഹിറ്റ് സിനിമയ്‌ക്ക് ശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത സിനിമയാണ് ബീസ്റ്റ്. എന്നാല്‍ സിനിമ റിലീസ് ആയതിന് ശേഷം പ്രതീക്ഷിച്ച വിജയം നേടാന്‍ സാധിച്ചോ എന്നത് ചോദ്യമായി നിൽക്കുന്നു. എന്നാൽ ഇപ്പോൾ ‘ബീസ്റ്റി’നു ലഭിച്ച സ്വീകാര്യതയിൽ അണിയറപ്രവർത്തകർക്ക് വിരുന്ന് നൽകിയിരിക്കുകയാണ് നടൻ വിജയ്.

“മറക്കാനാവാത്ത വൈകുന്നേരമായിരുന്നു, വിജയിയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ബീസ്റ്റ് പോലൊരു ചിത്രം ചെയ്യാന്‍ അവസരം നല്‍കിയ നിര്‍മാതാക്കളായ സണ്‍ പിക്ചേഴ്സിനും ഉടമകളായ കലാനിധി മാരനും കാവ്യ മാരനും, ചിത്രം യാഥാര്‍ഥ്യമാക്കാന്‍ പ്രയത്നിച്ച സഹപ്രവര്‍ത്തകര്‍ക്കും നന്ദി. ഏറ്റവുമൊടുവിലായി സ്നേഹവും പിന്തുണയും നല്‍കിയ പ്രേക്ഷകർക്കും വലിയ നന്ദി…” – നെല്‍സണ്‍ ഫേസ്ബുക്കിൽ കുറിച്ചു.

സംവിധായകന്‍ നെല്‍സണ്‍ ദിലീപ്‍കുമാര്‍, സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍, നായിക പൂജ ഹെഗ്‍ഡെ, നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ തുടങ്ങിയവരെല്ലാം വിജയിയുടെ വിരുന്നിൽ എത്തിയിരുന്നു. മുഴുവൻ ടീമിനൊപ്പം ഭക്ഷണം കഴിക്കുന്ന വിജയിയുടെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. അതേസമയം ചിത്രത്തെ വിമര്‍ശിച്ച് വിജയിയുടെ പിതാവ് എസ് എ ചന്ദ്രശേഖര്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ചിത്രത്തിന്‍റെ തിരക്കഥയും അവതരണവും നന്നായില്ലെന്നും ഒരു സൂപ്പര്‍താരം കേന്ദ്ര കഥാപാത്രമായി വരുന്ന സമയത്ത് പുതുതലമുറ സംവിധായകര്‍ നേരിടുന്ന പ്രതിസന്ധിയാണ് ഇതെന്നും ചന്ദ്രശേഖര്‍ പ്രതികരിച്ചു.