Friday
9 January 2026
26.8 C
Kerala
HomeKeralaഎൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സാധ്യതാപട്ടികകൾ ഉടൻ; 40 തസ്തികകളിൽ പുതിയ വിജ്ഞാപനം

എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സാധ്യതാപട്ടികകൾ ഉടൻ; 40 തസ്തികകളിൽ പുതിയ വിജ്ഞാപനം

തിരുവനന്തപുരം: വിവിധ വകുപ്പുകളിൽ എൽ.ഡി.ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ്‌സ് തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി. യോഗം തീരുമാനിച്ചു.
ഈ മാസമോ അടുത്തമാസം ആദ്യമോ ജില്ലാതലത്തിൽ ഇവ പ്രസിദ്ധീകരിക്കും. രേഖാപരിശോധനയ്ക്കുശേഷം വൈകാതെ റാങ്ക്പട്ടികകൾ തയ്യാറാക്കാനും ജില്ലാ ഓഫീസുകൾക്ക് യോഗം നിർദേശം നൽകി.
മുഖ്യപരീക്ഷ കഴിഞ്ഞ് അഞ്ചുമാസമായിട്ടും സാധ്യതാപട്ടിക വൈകുന്നതായി ഉദ്യോഗാർഥികൾ പരാതിപ്പെട്ടിരുന്നു. പ്രതീക്ഷിത ഒഴിവുകൾ അറിയിച്ചാൽ അത് അടിസ്ഥാനമാക്കി പട്ടിക പ്രസിദ്ധീകരിക്കാനായിരുന്നു പി.എസ്.സി.യുടെ തീരുമാനം. എന്നാൽ, വകുപ്പുകളിൽനിന്ന് ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്തുകിട്ടിയില്ല. അതാണ് സാധ്യതാപട്ടികകൾ വൈകാൻ കാരണം.
ഒടുവിൽ, കഴിഞ്ഞ പട്ടികയിൽനിന്നുള്ള നിയമന ശുപാർശയുടെ അടിസ്ഥാനത്തിൽ പുതിയ സാധ്യതാപട്ടിക തയ്യാറാക്കാൻ തിങ്കളാഴ്ചത്തെ പി.എസ്.സി. യോഗം തീരുമാനിക്കുകയായിരുന്നു.

ആവശ്യത്തിലേറെ ഉദ്യോഗാർഥികളെ റാങ്ക്പട്ടികയിൽ ഉൾപ്പെടുത്തി അവരിൽ അനാവശ്യമായി പ്രതീക്ഷയുണ്ടാക്കുന്ന സമീപനം പാടില്ലെന്ന് ഭൂരിപക്ഷം അംഗങ്ങളും യോഗത്തിൽ അഭിപ്രായപ്പെട്ടു. അതനുസരിച്ചുള്ള സാധ്യതാപട്ടികയായിരിക്കും പ്രസിദ്ധീകരിക്കുക.
40 തസ്തികകളിൽ പുതിയ വിജ്ഞാപനം
ഇന്ത്യ റിസർവ് ബറ്റാലിയൻ പോലീസ് കോൺസ്റ്റബിൾ, വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എൻജിനിയർ ഉൾപ്പെടെ 40 തസ്തികകളിലേക്ക് പുതിയ വിജ്ഞാപനം തയ്യാറായി. ജ്യോഗ്രഫി, സംസ്കൃതം വിഷയങ്ങളിൽ അസിസ്റ്റന്റ് പ്രൊഫസർമാർ, വിവിധ ജില്ലകളിൽ ലബോറട്ടറി ടെക്‌നീഷ്യൻ തുടങ്ങിയവയ്ക്കും വിജ്ഞാപനങ്ങളുണ്ട്. മൂന്നുഘട്ടമായി ഇവ പ്രസിദ്ധീകരിക്കും.
ആദ്യത്തേത് മേയ് മൂന്നിനും രണ്ടാമത്തേത് മേയ് നാലിനും അവസാനത്തേത് മേയ് 16-നുമുള്ള ഗസറ്റുകളിൽ പ്രസിദ്ധീകരിക്കും. അതിനുശേഷമാണ് ഓൺലൈനിൽ അപേക്ഷിക്കേണ്ടത്.
ട്രെയിനിങ് കോളേജുകളിൽ മലയാളം അസിസ്റ്റന്റ് പ്രൊഫസർ (തസ്തികമാറ്റം), വിവിധ ജില്ലകളിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഫാർമസിസ്റ്റ് എന്നിവയുടെ ചുരുക്കപ്പട്ടിക ഉടൻ പ്രസിദ്ധീകരിക്കാൻ യോഗം നിർദേശം നൽകി.
ട്രെയിനിങ് കോളേജുകളിൽ ഇംഗ്ലീഷ് അസിസ്റ്റന്റ് പ്രൊഫസർ (തസ്തികമാറ്റം)-ത്തിന് വിവരണാത്മക പരീക്ഷ നടത്താൻ തീരുമാനിച്ചു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (ഫിസിയോളജി), സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഡ്രാഫ്‌റ്റ്‌സ്‌മാൻ (മെക്കാനിക്കൽ എൻജിനിയറിങ്) എന്നിവയ്ക്ക് ഓൺലൈൻ പരീക്ഷ നടത്തും.

RELATED ARTICLES

Most Popular

Recent Comments