റോക്കി ഭായിയെ കാണണമെന്ന് നിറകണ്ണുകളോടെ കുഞ്ഞാരാധകൻ; മറുപടിയുമായി യഷ് എത്തി

0
88

കെജിഎഫ് എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ മനസ്സ് കീഴടക്കിയ നായകനാണ് യഷ്. രണ്ട് സിനിമകൾ കൊണ്ട് കന്നഡ സിനിമയിൽ തന്റെ തലവര മാറ്റിയെഴുതിയ താരം കേരളത്തിലടക്കം നിരവധി ആരാധകരെ സമ്പാദിച്ചു. കെജിഎഫ് ചാപ്റ്റർ 1 നെ വെല്ലുന്ന ചാപ്റ്റർ 2 ഇറങ്ങിയതോടെ റോക്കി ഫാൻസ് ഡബിൾ സ്‌ട്രോംഗ് ആയി. താരത്തിന്റെ നിരവധി വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നുണ്ട്. അത്തരത്തിൽ കെജിഎഫ് കണ്ട ശേഷം റോക്കി ഭായിയെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്ന ഒരു കുട്ടി ആരാധകന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.

‘കെജിഎഫ് കണ്ട സമയം മുതൽ അവൻ റോക്കി ഭായിയെ കാണണമെന്ന് പറയുന്നുണ്ട്, അവൻ വളരെ സങ്കടത്തിലാണ്, നിങ്ങളെ കാണാൻ ആഗ്രഹിക്കുന്നു’ എന്ന ക്യാപ്ഷനോടെയാണ് കുട്ടിയുടെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി ആളുകൾ ഈ വീഡിയോ ഷെയർ ചെയ്ത് ഒടുവിൽ റോക്കി ഭായ് തന്നെ വീഡിയോ കാണ്ടു. ഉടൻ മറുപടിയും എത്തി. ‘നിന്റെ റോക്കി ഭായ് ഇത് കാണുന്നു. സന്തോഷമായിരിക്കൂ, വിഷമിക്കുന്നത് എനിക്ക് ഇഷ്ടമല്ല’ എന്നായിരുന്നു യഷിന്റെ മറുപടി.

തുടർന്ന് താരത്തിന് നന്ദിയറിയിച്ചുകൊണ്ട് വീഡിയോ പങ്കുവെച്ചയാളും രംഗത്തെത്തി. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യഷ് നായകനായ പിരീഡ് ഗ്യാങ്സ്റ്റർ ചിത്രത്തിൽ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡൻ, പ്രകാശ് രാജ്, മാൾവിക അവിനാശ്, അച്യുത് കുമാർ, അയ്യപ്പ പി ശർമ്മ, റാവു രമേശ്, എന്ന താരങ്ങളും വേഷം ചെയ്യുന്നുണ്ട്.