വിലക്ക് മാറി പുതിയ ഡിജിറ്റൽ സംരംഭങ്ങൾ ആരംഭിക്കാൻ ഒരുങ്ങി hdfc ബാങ്ക്

0
89

ന്യൂഡല്‍ഹി: പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും എച്ച്‌ഡിഎഫ്സി ബാങ്കിനെ വിലക്കികൊണ്ട് ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണം പൂര്‍ണമായും നീക്കിയതോടെ പുതിയ ഡിജിറ്റല്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ബാങ്ക് തയ്യാറെടുക്കുന്നു.

ക്രെഡിറ്റ് കാര്‍ഡ് വിപണിയില്‍ വലിയ പങ്കാളിത്തമുണ്ടായിരുന്ന എച്ച്‌ഡിഎഫ്സി ബാങ്കിനെ, ഇന്റര്‍നെറ്റ് ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, പേമെന്റ് സംവിധാനങ്ങള്‍ എന്നിവയിലെ തകരാര്‍ മൂലം, പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കുന്നതില്‍ നിന്നും ആര്‍ബിഐ വിലക്കിയിരുന്നു. 2021 ഓഗസ്റ്റില്‍ വിലക്ക് ഭാഗികമായും ഈ വര്‍ഷം മാര്‍ച്ചില്‍ പൂര്‍ണമായും ആര്‍ബിഐ നീക്കി.

ബാങ്ക് ശക്തവും സുരക്ഷതവുമായ സാങ്കേതിക സംവിധാനം ഏര്‍പ്പെടുത്താനുള്ള വിവധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ തുടര്‍ച്ചയായി പുരോഗതി വിലയിരുത്താനും വരുന്ന പാദങ്ങളില്‍ ഡിജിറ്റല്‍ സംവിധാനത്തിനു കീഴില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കാനും ബാങ്ക് സജ്ജമായി കഴിഞ്ഞെന്നും ബാങ്കിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ശ്രീനിവാസന്‍ വൈദ്യനാഥന്‍ പറഞ്ഞു. 2021-22 വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ബാങ്കിന്റെ വെബ്‌സൈറ്റില്‍ മൊത്തം 234 ദശലക്ഷം സന്ദര്‍ശനങ്ങളാണ് ലഭിച്ചത്. പ്രതിമാസം ശരാശരി 29 ദശലക്ഷം ഉപഭോക്താക്കളാണ് സന്ദര്‍ശിച്ചത്.

മൊത്തം നിക്ഷേപത്തിന്റെ 80 ശതമാനത്തിലധികം റീട്ടെയില്‍ നിക്ഷേപമാണ്. 2022 മാര്‍ച്ചില്‍ ബാങ്കിന് 16.5 ദശലക്ഷം കാര്‍ഡുകള്‍ ഉണ്ടായിരുന്നു. ഈ പാദത്തില്‍ 8.2 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്തു, ഉപരോധം നീക്കിയതിനു ശേഷമുള്ള ഏഴു മാസങ്ങളില്‍ 21.8 ലക്ഷം കാര്‍ഡുകളും വിതരണം ചെയ്തെന്നും, മുന്‍വര്‍ഷത്തെ അപേക്ഷിച്ച്‌ കാര്‍ഡ ഉപയോഗിച്ചുള്ള ചെലവാക്കലില്‍ 28 ശതമാനം വര്‍ധനയുണ്ടായതായും അദ്ദേഹം പറഞ്ഞു. 2022 മാര്‍ച്ച്‌ വരെ 37 ശതമാനം വളര്‍ച്ചയോടെ ബാങ്കിന് മൂന്ന ദശലക്ഷം സ്വീകാര്യത പോയിന്റുകളുണ്ട്. നവീകരിച്ചുകൊണ്ടിരിക്കുന്ന ബാങ്കിന്റെ പേയ്‌മെന്റ് ആപ്പായ പേ സാപ്പിനെ അടുത്ത ക്വാര്‍ട്ടറില്‍ ലോഞ്ച് ചെയ്യുമെന്നും വൈദ്യനാഥന്‍ പറഞ്ഞു.